കോഴിക്കോട്: നവബ്രാഹ്ണിസത്തിന് ഏറ്റവും കരുത്ത് പകര്‍ന്നത് ഇന്ത്യയിലെ പഴയകാല വലതുപക്ഷ മാധ്യമപ്രവര്‍ത്തനമാണെന്ന് കവിയും എഴുത്തുകാരനുമായ പിഎന്‍ ഗോപീകൃഷ്ണന്‍. കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അഞ്ചാമത് എന്‍ രാജേഷ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വലതുപക്ഷം മാധ്യമങ്ങളുടെ ചിറകിലേകിയാണ് വലുപ്പം വെച്ചത് എന്ന ചരിത്ര യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ബാലഗംഗാധര തിലകിന്റെ മറാഠായും കേസരിയുമെല്ലാം പടച്ചുവിട്ട വിദ്വേഷ ലേഖനങ്ങളും രചനകളും ഉണ്ടാക്കിയ അനുരണനങ്ങള്‍ വലുതാണ്.
മറാത്താ പ്രവിശ്യയില്‍ നിബന്ധമാല എന്ന പേരില്‍ ചിപ്ലംഗര്‍ എന്നൊരാള്‍ ഒരു പ്രസിദ്ധീകരണം നടത്തുകയുണ്ടായി. ഗാന്ധിയേയും ഇന്ത്യന്‍ ദേശീയ നേതാക്കളേയും ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണ ലേഖനമായിരുന്നു മുഖ്യം. ചിപ്ലംഗര്‍ മാത്രം എഴുതുകയാണ്. ഇന്നത്തെ ഫെയ്‌സ്ബൂക് രീതിയില്‍. ഇത്തരം ധാരാളം വലതുപക്ഷ മാധ്യമ പ്രചാരണമുണ്ടായ കാലത്താണ് ഗാന്ധിജി പത്രക്കാരെ സഞ്ചരിക്കുന്ന പ്ലേഗ് എന്ന് വിളിച്ചത്. 1921-ലായിരുന്നു ഹിന്ദു വംശീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഗാന്ധിജിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസും സവര്‍ക്കറും ചെയ്തത് ഹിന്ദുമതത്തിലെ ഏറ്റവും അവസാന മനുഷ്യരെക്കൊണ്ടും ബ്രാഹ്ണണിസത്തെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ മാറ്റിയെടുത്ത് ഹിന്ദു വംശീയത കൊണ്ടുവരാനാണ്. ആര്‍എസ്എസിന്റെ ജാതിവിരുദ്ധത എന്നത് ദ്രൗപതി മുര്‍മുവിനെ പ്രസിഡന്റും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയുമാക്കി ഹിന്ദുദേശീയത കൊണ്ടുവരുന്ന തരത്തിലാണ്.
അതേസമയം ഇന്ത്യയിലെ ധിഷണാ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോവുന്നതിലും സാമൂഹിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിലും ഭരണവിരുദ്ധ വികാരങ്ങളുണ്ടാക്കുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഗാന്ധിസം നമ്മള്‍ മനസ്സിലാക്കിയത് ഹരിജന്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലൂടേയാണ്. അംബേദ്കറിന്റെ ജാതി ഉ്ന്മൂലനം ഉള്‍പ്പെടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ ‘മൂക്‌നായക്’, ‘ബഹിഷ്‌കൃത ഭാരത്’, ‘പ്രബുദ്ധ് ഭാരത്’ ഉള്‍പ്പെടെ പ്രസിദ്ധീകരണങ്ങള്‍ വഴിയാണ്. ്‌സ്വദേശാഭിമാനിയേയും വക്കംമൗലവിയേയും ഇന്നും ഓര്‍ക്കുന്നത് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോവുന്നതിലും സാമൂഹ്യ പ്രതിരോധത്തിനും വലിയ പങ്കുവഹിച്ചതിനാലാണ്. ഈയ്യൊരു പശ്ചാത്തലമുള്ളതിനാലാണ് ഗോദി മീഡിയയുടെ പ്രോപഗണ്ടാ മാധ്യമപ്രവര്‍ത്തനം നമ്മെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ദി വയര്‍ സ്ഥാപക പത്രാധിപരിലൊരാളും ഡയരക്ടറുമായ എം.കെ വേണുവിന് അഞ്ചാമത് രാജേഷ് സ്മാരക അവാര്‍ഡ് ജോണ്‍ബ്രിട്ടാസ് എം.പി കൈമാറി. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റെജി രാജേഷ് അനുസ്മരണം നടത്തി. വ്യക്തി ജീവിതത്തിലെ വേദനക്കിടയിലും വാര്‍ത്തയിലും സംഘടനയിലും ജീവിതത്തിലും എല്ലാറ്റിനേയും ആഘോഷമാക്കുന്ന മികച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു രാജേഷ് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുര്‍റഹിമാന്‍ സംസാരിച്ചു. മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. കെ. സുല്‍ഹഫ് സ്വാഗതവും എം.ബിജുനാഥ് നന്ദിയും പറഞ്ഞു.



