ഹൈദരാബാദ്- ഉയർന്ന അളവിലുള്ള കീടനാശിനികളുടെ സാന്നിധ്യം കാരണം ഇന്ത്യയിൽനിന്നുള്ള രണ്ടു ജനപ്രിയ മസാലക്കൂട്ടുകൾക്ക് സിംഗപ്പൂരും ഹോംങ്കോഗും നിരോധനം ഏർപ്പെടുത്തിയ ശേഷം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം. ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജന, മസാലക്കൂട്ടുകളിൽ 12 ശതമാനവും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന അളവിലുള്ള കീടനാശിനിയുടെ പേരിൽ എം.ഡി.എച്ച്, എവറസ്റ്റ് ബ്രാൻഡുകളുടെ ചില ഉൽപ്പന്നങ്ങൾക്ക് ഹോങ്കോംഗും സിംഗപ്പൂരും നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് റോയിട്ടേഴ്സ് വിവരാവകാശ പ്രകാരം വിവരങ്ങൾ തേടിയത്. ഇതിലാണ് മിക്സഡ് സ്പൈസ് മിശ്രിതങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ പന്ത്രണ്ടു ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്. അതിനിടെ, ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് ബ്രിട്ടൻ നിയന്ത്രണം ഏർപ്പെടുത്തി. ന്യൂസിലാൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സമാനമായ നീക്കവുമായി മുന്നോട്ടുപോകുകയാണ്.
അതേസമയം, എം.ഡി.എച്ചും എവറസ്റ്റും തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു. ഈ ബ്രാന്റുകളുടെ സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളവയാണ്. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് ഇവ വിൽക്കുന്നത്.
മെയ് മുതൽ ജൂലൈ ആദ്യം വരെ പരിശോധിച്ച 4,054 സാമ്പിളുകളിൽ 474 എണ്ണം ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നാണ് വിവരാവകാശം വഴി റോയിട്ടേഴ്സിന് ലഭിച്ച വിശദാംശങ്ങളിലുള്ളത്.
അതേസമയം ഏതൊക്കെ ബ്രാന്റുകളിലാണ് പ്രശ്നമുള്ളത് എന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല.