റോം: ഇറ്റലിയിലെ അപുലിയയിൽ ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മോഡി, മാർപാപ്പയെ കണ്ടത്.
മാർപാപ്പയെ ആശ്ലേഷിച്ച് കുശലാന്വേഷണം നടത്തിയ ശേഷം മോഡി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയുമുണ്ടായി. ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടക്കുമെന്നാണ് വിവരം.
മാർപാപ്പയെ കണ്ടുവെന്നും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി മോഡി എക്‌സിൽ ചിത്രം സഹിതം കുറിച്ചു. ജനങ്ങളെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായും മോഡി കുറിച്ചു.
ജി 7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപാപ്പ പങ്കെടുക്കുന്നത്. നിർമിത ബുദ്ധി (എ.ഐ) ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തത്. നിർമിത ബുദ്ധിയുടെ പ്രയോഗത്തെ സംബന്ധിച്ച് മാർപാപ്പ നിലപാട് വ്യക്തമാക്കുന്നതും ഇതാദ്യമാണ്. നിർമിതബുദ്ധി സൃഷ്ടിക്കുന്ന പ്രതിസന്ധികളും ദുരുപയോഗ സാധ്യതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആകുലതയുണ്ടെന്നും നിയമസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സമാധാന സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
ഇറ്റലി, ജപ്പാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോകനേതാക്കളുമായി ചർച്ച നടത്തുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group