ന്യൂഡൽഹി: പാർല്ലമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻ.ഡി.എയുടെ ആദ്യ പാർല്ലമെന്ററി പാർട്ടി യോഗത്തിൽ നടൻ സുരേഷ് ഗോപിയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
നിരവധി ബലിദാനികളുള്ള നാടാണ് കേരളമെന്ന് പറഞ്ഞ മോഡി, സുരേഷ് ഗോപിയുടെ വിജയത്തെ എടുത്തുകാട്ടി. കേരളത്തിന്റെ ആദ്യ എൻ.ഡി.എ പ്രതിനിധി പാർലമെന്റിൽ എത്തിയിരിക്കുകയാണെന്നും കേരളത്തിൽ നേടിയത് ചരിത്ര വിജയമാണെന്നും പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. പ്രവർത്തകർ ജമ്മു കശ്മീരിലേതിനേക്കാൾ കേരളത്തിൽ ത്യാഗം സഹിച്ചു. അതിന്റെ ഫലമാണ് കേരളത്തിലെ വിജയം. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ അവിടെ നിന്ന് ഒരു ലോക്‌സഭാംഗത്തെ ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിജയം രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നതായും മോഡി പറഞ്ഞു.
ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യമെന്ന് മോഡി അവകാശപ്പെട്ടു. വികസിത ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകും. രാജ്യമാണ് ഒന്നാമത് എന്ന മൂല്യബോധത്തിലാണ് എൻ.ഡി.എ പ്രവർത്തിക്കുന്നത്. ദക്ഷിണ ഭാരതത്തിൽ വൻ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ എൻ.ഡി.എയ്ക്ക് സാധിച്ചു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡിയ്‌ക്കെതിരെ ബി.ജെ.പി നേടിയ അട്ടിമറി വിജയവും മോഡി പരാമർശിച്ചു. വരാനിരിക്കുന്ന 25 വർഷം ഒഡിഷയിൽ ഡബിൾ എഞ്ചിൻ സർക്കാരായിരിക്കും പ്രവർത്തിക്കുകയെന്നും മോഡി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group