പെരിന്തൽമണ്ണ: സത്യത്തെ ഒരിക്കലും കഴിച്ചുമൂടാനാവില്ലെന്ന ശുഭാപ്തി വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കേരള ഹൈക്കോടതിയിൽനിന്നുണ്ടായ വിധിയെന്ന് മുസ്‌ലിം ലീഗ് നേതാവും പെരിന്തൽമണ്ണ എം.എൽ.എയുമായ നജീബ് കാന്തപുരം. പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഇടതു സ്ഥാനാർത്ഥിയുടെ ഹരജി തള്ളിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എം.എൽ.എ.
കൂടുതൽ പ്രതിബദ്ധതയോടുകൂടി പെരിന്തൽമണ്ണയിലെ ജനങ്ങൾക്കുവേണ്ടി പരിശ്രമിക്കാനും അവർക്കുവേണ്ടി ആത്മാർത്ഥമായി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഊർജസ്വലമായും ഉത്തരവാദിത്തത്തോടും ഏറ്റെടുത്ത് തുടർന്ന് പ്രവർത്തിക്കാനുമുള്ള ഒരു എനർജിയായാണ് ഞാനീ വിധിയെ കാണുന്നതെന്നും യു.എസിലുള്ള അദ്ദേഹം വ്യക്തമാക്കി.
ഈ കേസിന്റെ മുഴുവൻ ഘട്ടങ്ങളിലും എന്റെ പാർട്ടിയും പാർട്ടിയുടെ പ്രിയപ്പെട്ട നേതാക്കന്മാരും അതുപോലെ തന്നെ ഞങ്ങളുടെ അഭിഭാഷകനായ കൃഷ്ണനുണ്ണി വക്കീലും എടുത്തിട്ടുള്ള വലിയൊരു ശ്രമമുണ്ട്. അതിന്റെ വിജയമാണിത്. പൊതുസമൂഹത്തിന്റെ പിന്തുണയ്‌ക്കൊപ്പം ലീഗിന്റെ ആയിരക്കണക്കിന് പ്രവർത്തകരുടെ പ്രാർത്ഥനയാണ് എന്റെ വിജയത്തിന് നിദാനമായിട്ടുള്ളത്. പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുനറവ്വലി ശിഹാബ് തങ്ങളുമടക്കമുള്ള എന്റെ നേതാക്കന്മാർ കേസിന്റെ ഓരോ ഘട്ടത്തിലും നല്കിയ വലിയ പിന്തുണ ഞാൻ ഏറെ സ്‌നേഹത്തോടെ സ്മരിക്കുന്നു.
വിധിയിൽ വളരെ സന്തോഷമുണ്ട്. എപ്പോഴും ശുഭപ്രതീക്ഷയോടെ മാത്രം പ്രവർത്തിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. ഇതെല്ലാം പാർട്ടി ഏൽപ്പിക്കുന്ന അസൈന്മെന്റുകളാണ്. ജനങ്ങൾക്കു വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ ഉത്തരവാദിത്തത്തോടുകൂടി ഏൽപ്പിക്കുന്ന കാര്യമാണ്. ഒരിക്കലും നിരാശപ്പെടുന്ന പ്രശ്‌നമോ അമിതമായി ആഹ്‌ളാദിക്കുകയോ ഇല്ല. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ എം.എൽ.എ പദവിയെ ഒരു അസൈന്മെന്റ് മാത്രമായാണ് കണ്ടത്. അതെത്ര കാലം എന്റെ കയ്യിലുണ്ടോ അത്ര കാലം ജനങ്ങൾക്കുവേണ്ടി ആ ഉത്തരവാദിത്തം നിറവേറ്റാൻ ശ്രമിക്കുമെന്നും നജീബ് കാന്തപുരം വ്യക്തമാക്കി.
348 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. മുൻ ലീഗ് നേതാവായ മുസ്തഫ മലപ്പുറം നഗരസഭ മുൻ മുൻസിപ്പൽ മേയർ കൂടിയാണ്. ലീഗിൽനിന്ന് രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മത്സരിച്ച മുസ്തഫ ശക്തമായ പോരാട്ടത്തിനൊടുവിൽ 38 വോട്ടുകൾക്ക് അടിയറവ് പറയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group