- യഥാർത്ഥ കുറ്റവാളികൾ രംഗത്ത് വരാത്തതിനാൽ സിനിമാരംഗത്തുള്ള എല്ലാവരും ഇപ്പോൾ സംശയത്തിന്റെ കരിനിഴലിലെന്ന് വി.ഡി സതീശൻ
- ശബ്ദമില്ലാതെ, മുഖമില്ലാതെ മാറ്റിനിർത്തപ്പെട്ട അനേകർക്കു വേണ്ടിയാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്ന് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി സ്ഥാപകാംഗവുമായ ദീദി ദാമോദരൻ
കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുമ്പാകെ ഇരകൾ നൽകിയ മൊഴികൾ സർക്കാർ പൂഴ്ത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുൻ സാരഥിയും മാധ്യമം മുൻ ന്യൂസ് എഡിറ്ററുമായ എൻ രാജേഷിന്റെ സ്മരണയ്ക്കായി മാധ്യമം ജേണലിസ്റ്റ് യൂണിയൻ ഏർപ്പെടുത്തിയ എൻ രാജേഷ് സ്മാരക പുരസ്‌ക്കാര ദാനവും ‘ദ ജേർണലിസ്റ്റ്’ ജേണൽ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടത്തിൽ ഏറ്റവുമധികം നീതി നിഷേധിക്കപ്പെട്ട സ്ഥലമാണ് സിനിമ. ഇവിടെ നടന്ന കുറ്റകൃത്യങ്ങളുടെ പരമ്പരയെക്കുറിച്ചായിരുന്നു ഇരകൾ ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയത്. ഇതിനെതിരെ നടപടി എടുക്കുക എന്നത് സർക്കാറിന്റെ നിയമപരമായ ബാധ്യതയാണ്. ഇതൊന്നും ചെയ്യാതെ സർക്കാർ റിവോർട്ട് പൂഴ്ത്തിവെച്ചു. പൊതുസമൂഹത്തെ പരിഹസിക്കുന്ന നടപടിയായിരുന്നു ഇത്. യഥാർത്ഥ കുറ്റവാളികൾ രംഗത്ത് വരാത്തതിനാൽ സിനിമാരംഗത്തുള്ള എല്ലാവരും ഇപ്പോൾ സംശയത്തിന്റെ കരിനിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.
നിർഭയനായ പത്രപ്രവർത്തകനായിരുന്ന എൻ രാജേഷിന്റെ പേരിലുള്ള പുരസ്‌ക്കാരം ഡബ്ല്യു.സി.സിക്ക് നൽകിയ മാധ്യമം അവാർഡ് ജൂറിയുടെ നടപടി ധീരമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടാക്കിട്ടി. ഡബ്ല്യു.സി.സിക്ക് വേണ്ടി തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ഹെയർ സ്‌റ്റൈലിസ്റ്റ് പി.എസ് റഹീന, നടി ദേവകി ഭാഗി എന്നിവർ ചേർന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ശബ്ദമില്ലാതെ, മുഖമില്ലാതെ മാറ്റിനിർത്തപ്പെട്ട അനേകർക്കു വേണ്ടിയാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്ന് മറുപടി പ്രസംഗത്തിൽ ഡബ്ല്യു.സി.സി സ്ഥാപകാംഗം കൂടിയായ ദീദി ദാമോദരൻ പറഞ്ഞു. ഡബ്ല്യു.സി.സി പ്രവർത്തകരായ റഹീന, ദേവകി ഭാഗി എന്നിവരും സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു.
എൻ രാജേഷിന്റെ സ്മരണാർത്ഥം എം.ജെ.യു പുറത്തിറക്കിയ അക്കാദമിക് ജേണലായ ‘ദ ജേണലിസ്റ്റി’ന്റെ പ്രകാശനം വി.ഡി സതീശൻ സാംസ്‌കാരിക പ്രവർത്തകൻ പ്രഫ. കെ.ഇ.എന്നിന് നൽകി നിർവഹിച്ചു. എം.ജെ.യു പ്രസിഡന്റ് എം ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തക സോഫിയാ ബിന്ദ് രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമം ഗ്രൂപ്പ് ചീഫ് എഡിറ്റർ ഒ അബ്ദുറഹിമാൻ, പ്രഫ. കെ.ഇ.എൻ, കെ.യു.ഡബ്ല്യു.ജെയുടെ നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ.പി റജി, മാധ്യമ സംരംഭകൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, മാധ്യമം എപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ.എം അബ്ദുൽ ഹമീദ്, എം.ജെ.യു സെക്രട്ടറി സുൽഹഫ്, ട്രഷറർ എ ബിജുനാഥ് പ്രസംഗിച്ചു.