ന്യൂഡല്‍ഹി– ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗിന്റെ യുവജന വിഭാഗമായ മുസ്ലിംയൂത്ത് ലീഗിന്റെ ദേശീയ സമിതി പുന:സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഡ്വ സര്‍ഫറാസ് അഹ്‌മദ് തെരഞ്ഞെടുക്കപ്പെട്ടു. ടി.പി അഷ്‌റഫലി (കേരളം) ജനറല്‍സെക്രട്ടറിയാണ്. കേരളത്തില്‍ നിന്ന് തന്നെയുള്ള അഡ്വ ഷിബു മീരാന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരിക്കും. പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു എന്നിവര്‍ മുസ്ലിം ലീഗ് ദേശീയ ഭാരവാഹികളായതിനെത്തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികള്‍ക്ക് മാറ്റം വന്നത്.
നിലവില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന യൂത്ത് ലീഗ് അധ്യക്ഷനായ അഡ്വ സര്‍ഫറാസ് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനായിരുന്നു. മീറത്ത് സ്വദേശിയാണ്. ജനറല്‍സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ടിപി അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ്, കേരളാ സംസ്ഥാന ജനറല്‍സെക്രട്ടറി, കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, പ്രഥമ കേരളാ യൂത്ത് കമ്മീഷന്‍ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്തംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി ജാമിഅ ഹംദര്‍ദ് സര്‍വ്വകലാശാലയില്‍ ഇസ്ലാമിക് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ഷിബുമീരാന്‍ മികച്ച പ്രഭാഷകനാണ്. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരളാ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
മറ്റു ഭാരവാഹികള്‍ ദേശീയ കമ്മിറ്റിയില്‍ അതേ ചുമതല തുടരുമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു.