കണ്ണൂർ – പോരാളി ഷാജി ആരാണെന്ന് സി. പി. എം ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ.
ആരാണ് പോരാളി ഷാജിയുടെ അഡ്‌മിൻ എന്ന് വെളിപ്പെടുത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
ഈ പോരാളി ഷാജി ആരെന്ന് ഇതുവരെ വ്യക്തമല്ല. ഇടതുപക്ഷക്കാരാണെങ്കിൽ അത് അവർ വെളിപ്പെടുത്തണം. ഒറിജിനൽ ആണെങ്കിൽ അവർ പുറത്ത് വന്ന് പറയണം ഏതാണ് വ്യാജൻ എന്ന് അവർ പറയണം.
തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേകിച്ചും, മറ്റു സന്ദര്‍ഭങ്ങളിലും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ഇടതുപക്ഷ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന എന്‍റെ പ്രതികരണത്തെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ഇടതുപക്ഷ ഗ്രൂപ്പുകള്‍ എന്ന് കരുതുന്ന ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ക്ലോസ്ഡ് ഗ്രൂപ്പുകളിലും ഇടതുപക്ഷ വിരുദ്ധ പ്രചരണങ്ങള്‍ ചില ഘട്ടങ്ങളിലൊക്കെ വന്നിട്ടുണ്ട്.
അതൊക്കെ പത്ര-ദൃശ്യമാധ്യമങ്ങള്‍ ബോധപൂര്‍വ്വം ഏറ്റെടുക്കുകയും ചര്‍ച്ചയാക്കിയിട്ടുമുണ്ട്. അതിനെല്ലാം വസ്തുനിഷ്ഠമായ പ്രതികരണങ്ങള്‍ അതാതവസരങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. എന്നത്തെയും പോലെ ഈ തെരഞ്ഞെടുപ്പ് കാലത്തും സോഷ്യല്‍മീഡിയയെ യുഡിഎഫ് ഉപയോഗിച്ചത് ഇടതുപക്ഷത്തിന് എതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങളും നട്ടാല്‍ കിളിര്‍ക്കാത്ത നുണകളും പ്രചരിപ്പിക്കാന്‍ മാത്രമായിരുന്നു.
അതുവഴി സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി വോട്ടുതട്ടുക എന്ന തന്ത്രം മാത്രമായിരുന്നു വിഷയദാരിദ്ര്യം അനുഭവിച്ച യു.ഡി.എഫിന്‍റെ കയ്യിലുണ്ടായിരുന്നത്. അതിനായി മാത്രം ഇടതുപക്ഷ അനുകൂലമെന്ന് തോന്നുന്ന വ്യാജ പേരുകളില്‍ നിരവധി ഗ്രൂപ്പുകള്‍ ഉണ്ടാക്കി. പല ഗ്രൂപ്പുകളിലും നുഴഞ്ഞുകയറി നിരന്തരം നുണപ്രചാരണം നടത്തി. ഇത്തരം തെറ്റായ ഇടപെടല്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത് പൊതു സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ജാഗ്രതയോടെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങളെ കാണണമെന്നുമാണ് ഞാന്‍ പറഞ്ഞത്.
ഞാന്‍ പറഞ്ഞ പേരുകളില്‍ നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ പേജുകളല്ല അവയൊന്നും. അതിനാല്‍ തന്നെ അവയില്‍ വരുന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയും പാര്‍ട്ടിക്കില്ല. പാര്‍ട്ടിയുടേയും പാര്‍ട്ടി നേതാക്കന്മാരുടെയും ഫേസ് ബുക്ക് അടക്കമുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ വരുന്നത് മാത്രമാണ് പാര്‍ട്ടിയുടെ പ്രതികരണം. എന്നാല്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ചചെയ്യേണ്ട ഒരു കാര്യവും ഈ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചചെയ്യുന്നുമില്ല.
ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ ഉടമയാരാണോ അവരുടെ വര്‍ഗതാല്പര്യമാണ് ആ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ നിയന്ത്രിക്കുന്നത് എന്നത് ഏതാണ്ട് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളുടെ ഉടമകള്‍ ആദ്യകാലത്ത് അത് കൈകാര്യം ചെയ്തിരുന്ന ജനങ്ങളായിരുന്നു. എന്നാലിന്ന് കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന, അവര്‍ നിരന്തരം ഇടപെടുന്ന ഒന്നായി അവ മാറി. ആ മാര്‍ക്കറ്റ് സ്പേസില്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ വന്‍തോതില്‍ പണമിറക്കി ഇടതുപക്ഷവിരുദ്ധ വാര്‍ത്തകള്‍ വിന്യസിക്കാനുള്ള കേന്ദ്രമാക്കി അതിനെ മാറ്റി.
സോഷ്യല്‍മീഡിയ ഇന്‍ഫല്‍വന്‍സര്‍മാരെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും തങ്ങളുടെ താല്പര്യത്തിനനുസരിച്ച് രംഗത്തിറക്കാന്‍ വലതുപക്ഷ രാഷ്ട്രീയത്തിന് സാധിച്ചു. ഇടതുപക്ഷവിരുദ്ധത മാത്രം ഉള്ളടക്കമായ ആയിരക്കണക്കിന് വാര്‍ത്തകളാണ് ഈ തെരഞ്ഞെടുപ്പുകാലത്ത് ഓരോ വോട്ടറുടെയും മുമ്പിലെത്തിയത്. കോടികളാണ് ഈ നുണപ്രചരണത്തിന് വേണ്ടി വലതുപക്ഷ രാഷ്ട്രീയക്കാര്‍ ഒഴുക്കിയത്.
ഇടതുപക്ഷം സാമൂഹികമാധ്യമങ്ങളെ ക്രിയാത്മകമായി മാത്രം ഉപയോഗിക്കുന്നു. വ്യക്തിഹത്യയ്ക്കും വ്യാജവാര്‍ത്തകള്‍ക്കും നുണപ്രചാരണങ്ങള്‍ക്കും ഉള്ള വേദിയാക്കി അതിനെ മാറ്റുന്നവരെ കരുതിയിരിക്കണമെന്നും ജയരാജൻ പറഞ്ഞു.