ന്യൂഡൽഹി: കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി അപ്രതീക്ഷിത മുഖം. യു.ഡി.എഫ് ലീഗിനായി നീക്കിവെച്ച രാജ്യസഭാ സീറ്റിലേക്കാണ് എല്ലാവരെയും ഞെട്ടിച്ച് പുതിയ സ്ഥാനാർത്ഥിയുടെ പേര് ചർച്ചയാവുന്നത്. സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാന്റെ പേരാണ് പുതുതായി നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.
ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇത്തരമൊരു ആലോചന മുന്നോട്ടുവെച്ചതെന്നാണ് വിവരം. എന്നാൽ, പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പി സ്ഥാനത്തേക്ക് കണ്ണുവെച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അടക്കമുള്ള നേതാക്കൾക്ക് ഇക്കാര്യത്തിൽ യോജിപ്പില്ല. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും ഇക്കാര്യത്തിലുള്ള തങ്ങളുടെ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.
ഹാരിസ് ബീരാൻ സുപ്രിംകോടതിയിലും മറ്റും പാർട്ടിക്കും യു.ഡി.എഫിനുമെല്ലാം ആവശ്യമായ നിയമയുദ്ധങ്ങളിൽ മുന്നിൽനിന്ന് പ്രവർത്തിക്കുമ്പോഴും രാജ്യസഭിലേക്ക് വിടുന്നതിൽ നേതാക്കളിലെ പലർക്കും ശക്തമായ അഭിപ്രായ വ്യത്യാസമുണ്ട്. ഈയൊരു സാഹചര്യത്തിൽ സാദിഖലി തങ്ങൾ തന്റെ പുതിയ അഭിപ്രായത്തിൽതന്നെ ഉറച്ചുനിൽക്കുമോ അതോ മറ്റു ലീഗ് നേതാക്കൾ പാർട്ടി അധ്യക്ഷന്റെ നിർദേശത്തിന് പൂർണമായി വഴങ്ങുമോ എന്നതിൽ വരും ദിവസങ്ങളിലെ കൂടുതൽ വ്യക്തത ലഭിക്കൂ.
ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും കെ.എം ഷാജിയുടെയും പേര് ചില കേന്ദ്രങ്ങളിൽനിന്ന് ഉയർന്നത് മാധ്യമങ്ങളിൽ ചർച്ചയായപ്പോൾ ഇരുവരും രാജ്യസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് പി.എം.എ സലാമിന്റെ പേരിനായിരുന്നു മുൻതൂക്കമെങ്കിലും യൂത്ത് ലീഗ് ദേശീയ ജനറൽസെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബുവിന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.