ജിദ്ദ – ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളിയുടെ രാജ്യത്തിന്റെയും അവരുടെ പ്രൊഫഷന്റെയും അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റത്തിന് ഈടാക്കാവുന്ന തുകക്ക് പരമാവധി പരിധിയുണ്ട്. ശരാശരി റിക്രൂട്ട്‌മെന്റ് ചെലവിന്റെ അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിക്കുന്നത്.
ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് 100 റിയാല്‍ പ്രവര്‍ത്തന ചെലവ് നല്‍കേണ്ടതുണ്ട്. ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തന്റെ പേരിലേക്ക് മാറ്റാന്‍ പുതിയ തൊഴിലുടമക്കുള്ള അര്‍ഹത പഠിക്കാനുള്ള ചെലവ് ഇനത്തിലാണ് 100 റിയാല്‍ പ്രവര്‍ത്തന ചെലവ് ആയി ഈടാക്കുന്നത്. ഈ തുക പുതിയ തൊഴിലുടമയാണ് വഹിക്കേണ്ടത്.
ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 23 ദിവസം വരെയെടുക്കും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികളുമായി പ്രതികരിക്കുന്നതിന്റെയും അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി അപേക്ഷ പൂര്‍ത്തിയാക്കുന്നതിന്റെയും വേഗത്തിനനുസരിച്ച് കഫാല മാറ്റ നടപടികള്‍ക്ക് വേണ്ടിവരുന്ന സമയത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. വിസ അനുവദിക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുമുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.
ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴിലാളിയുടെ പേരില്‍ ഹുറൂബ് ഉണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ ആരംഭിക്കേണ്ടത്. തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ നല്‍കാന്‍ നിലവിലെ തൊഴിലുടമ അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് തൊഴിലാളിക്കും പുതിയ തൊഴിലുടമക്കും അപേക്ഷ അയച്ചുകൊടുക്കും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള ഇവരുടെ സമ്മതം ഇലക്‌ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്നതോടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യുക.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷക്കൊപ്പം നിലവിലെ തൊഴിലുടമയുടെ തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും പേരുവിവരങ്ങള്‍ നല്‍കണം. ഇതിനു ശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ സമ്മതത്തിനായി അപേക്ഷ തൊഴിലാളിക്ക് അയച്ചുകൊടുക്കുക. ഇതിനു ശേഷം സമ്മതത്തിനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ ഫീസ് അടക്കാനും അപേക്ഷ പുതിയ തൊഴിലുടമക്ക് കൈമാറുകയാണ് ചെയ്യുകയെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.