മുംബൈ- കൗമാരക്കാരനായ വിദ്യാര്‍ത്ഥിയില്‍ ആകൃഷ്ടയായി ഒരു വര്‍ഷത്തിലേറെ ലൈംഗീക പീഡനം നടത്തിയ നാല്‍പ്പതുകാരിയായ ഇംഗ്ലീഷ് അധ്യാപിക മുംബൈയില്‍ അറസ്റ്റില്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അധ്യാപിക. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് പഠനം പൂര്‍ത്തിയാക്കിയിട്ടും ലൈംഗീക ചൂഷണത്തിനായി അധ്യാപിക പിന്തുടര്‍ന്നത്. വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
2023 ഡിസംബറില്‍ സ്‌കൂള്‍ വാര്‍ഷിക ചടങ്ങിന്റെ ആവശ്യാര്‍ത്ഥം ഉണ്ടാക്കിയ നൃത്ത ഗ്രൂപ്പില്‍ അംഗമായിരുന്നു വിദ്യാര്‍ത്ഥി. ഇതിനായി വിവിധ യോഗങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായിരുന്നു. അതിനിടെയാണ് താന്‍ കൗമാരക്കാരനില്‍ ആകൃഷ്ടനായതെന്ന് അധ്യാപിക മുംബൈ പൊലീസിന് മൊഴിനല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 ജനുവരിയിലാണ് വിദ്യാര്‍ത്ഥിയെ ആദ്യമായി ലൈംഗിക ചൂഷണം ചെയ്തത്.
തന്റെ അധ്യാപികയുമായി ലൈംഗിക ബന്ധത്തിന് വിമുഖത കാണിച്ച ആണ്‍കുട്ടിയെ സുഹൃത്ത് വഴി പ്രലോഭിപ്പിച്ചാണ് അധ്യാപിക വശപ്പെടുത്തിയതെന്നും പറയപ്പെടുന്നു. പീഡനത്തിന് ഇരയായ ആണ്‍കുട്ടിയെ സ്‌കൂളിന് പുറത്തുള്ള അധ്യാപികയുടെ ഒരു സ്ത്രീ സുഹൃത്ത് സമീപിക്കുകയായിരുന്നു. പ്രായമായ സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം വളരെ സാധാരണമായിരിക്കുന്നുവെന്നും പേടിക്കാനില്ലെന്നും അവനെ പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു. നിരന്തരമായി ഈ സുഹൃത്ത് കുട്ടിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണറിയുന്നത്.
അധ്യാപിക തന്റെ വാഹനത്തില്‍ ആളൊളിഞ്ഞ സ്ഥലത്തു കൊണ്ടുപോയി നഗ്നനാക്കിയാണ് പീഡനം നടത്തിയത്. ഇതിനു പിന്നാലെ മാനസിക പ്രയാസം നേരിട്ട വിദ്യാര്‍ത്ഥിക്ക് അത് മറികടക്കാനുള്ള ഗുളികകളും ഈ അധ്യാപിക തന്നെ നല്‍കി. മദ്യപാനിയായ അധ്യാപിക പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കൊണ്ടുപോയും നിരവധി തവണ പീഡനം നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അധ്യാപികയുടെ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ വിദ്യാര്‍ത്ഥിയുടെ കുടുംബം പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോള്‍ സംഭവം അറിഞ്ഞുവെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഈ ശല്യം മാറുമെന്ന് വിചാരിച്ച് രഹസ്യമായി സൂക്ഷിച്ചു. പക്ഷെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായ ശേഷവും വിദ്യാര്‍ത്ഥിയെ അധ്യാപിക ബന്ധപ്പെട്ടു. തന്റെ വീട്ടുജോലിക്കാരില്‍ ഒരാള്‍ വഴിയായിരുന്നു അധ്യാപികയുടെ ശ്രമം. തന്നെ കാണാനാവശ്യപ്പെട്ട് അധ്യാപിക വിദ്യാര്‍ത്ഥിയുടെ അടുത്തേക്ക് ആളെ വിട്ടതറിഞ്ഞ കുടുംബം ഉടന്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.