മലപ്പുറം: കാല്‍പ്പന്തുകൊണ്ട് വയനാടിനെ കൈപിടിക്കാം എന്ന ചാരിറ്റി മാച്ചിന്റെ ഭാഗമായി മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബ് മലപ്പുറത്ത് കളിക്കും. സൂപ്പര്‍ ക്ലബ്ബുകളുടെ ഇലവനുമായാണ് ഐഎസ്എല്ലിലേക്ക് പ്രമോഷന് കിട്ടിയ മുഹമ്മദന്‍സ് മല്‍സരിക്കുക. മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബ് ബുധനാഴ്ച മലപ്പുറത്തെത്തും.30-ന് വൈകീട്ട് 7.30-ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ സൂപ്പര്‍ലീഗ് കേരള ഇലവനാണ് മുഹമ്മദന്‍സിന്റെ എതിരാളികള്‍.
സൂപ്പര്‍ലീഗില്‍ കളിക്കുന്ന ആറു ക്ലബ്ബുകളുടെയും മികച്ച കളിക്കാരാണ് ഈ ടീമിലുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയൊരു ഇലവനായിരുന്നു എ.ഐ.എഫ്.എഫ് ശ്രമിച്ചത്. എന്നാല്‍ ഇത് നടന്നില്ല. കഴിഞ്ഞവര്‍ഷത്തെ ഐ-ലീഗ് ചാമ്പ്യന്മാരാണ് മുഹമ്മദന്‍സ്.ഐ ലീഗ് ടീമില്‍നിന്ന് കാര്യമായ മാറ്റങ്ങളുമായി ഐ.എസ്.എല്ലിനു ഒരുങ്ങുന്ന മുഹമ്മദന്‍സിന്റെ ഫസ്റ്റ് ഇലവന്‍തന്നെ മഞ്ചേരിയില്‍ പന്തുതട്ടും.
റഷ്യന്‍ ദേശീയ ടീമിന്റെ സഹപരിശീലകനും അണ്ടര്‍ 21 ദേശീയ ടീം മുഖ്യപരിശീലകനുമായി തിളങ്ങിയ ഷെര്ണിഷോവ് ആണ് മുഹമ്മദന്‍സിന്റെ പരിശീലകന്. അഞ്ചു പുതിയ വിദേശ താരങ്ങളെയാണ് ക്ലബ്ബ് ടീമിലെത്തിച്ചിരിക്കുന്നത്. മിര്‍ജാലോല്‍ കാസിമോവ് (ഉസ്ബൈക്കിസ്ഥാന്‍), അലക്സിസ് ഗോമസ് (അര്‍ജന്റീന), മുഹമ്മദ് ഖാദിരി (ഘാന), ഫ്രാന്‍സ (ബ്രസീല്‍), കാസര്ലോബി മന്സൂക്കി (ആഫ്രിക്ക) തുടങ്ങിയ താരങ്ങളാണ് ഈ സീസണില്‍ ടീമിനൊപ്പംചേര്‍ന്ന വിദേശീയര്‍. മലപ്പുറത്തിന്റെ സ്വന്തം താരങ്ങളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ജാസിം എന്നിവരും ടീമിലുണ്ട്.
വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കു കൈത്താങ്ങാവാന്‍ നടത്തുന്ന പ്രദര്ശനമത്സരമായതുകൊണ്ട് ടിക്കറ്റ് എടുത്തുവരുന്ന കാണികളെ നിരാശരാക്കാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ടീമുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. 199 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 299, 399 (വി.ഐ.പി), 499 (വി.വി.ഐ.പി.) എന്നിങ്ങനെയാണ് ടിക്കറ്റ് വില. മത്സരദിവസം സ്റ്റേഡിയത്തില്‍ തയ്യാറാക്കുന്ന പ്രത്യേക കൗണ്ടര്‍ വഴിയും ടിക്കറ്റ് ലഭിക്കും.