- ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ കുറിച്ച് മോശം പറയൽ അയാളുടെ പച്ച ഇറച്ചി ഭക്ഷിക്കുന്നതിന് തുല്യമാണ്. മതത്തിൽ ഗവേഷകനാകുന്നതിന് മുമ്പ് ആദ്യം വിശ്വാസിയാകണം. തൊപ്പിവച്ച സൈബർ പോരാളിയെ നിയന്ത്രിച്ചില്ലെങ്കിൽ പലതും സമുദായത്തിനു പറയേണ്ടിവരുമെന്നും എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജൽ
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പാണക്കാട് കുടുംബത്തെയും ഖാസി ഫൗണ്ടേഷനെയും വിമർശിച്ച സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരെ ലീഗ് വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ ദേശീയ സെക്രട്ടറി രംഗത്ത്.
ഏഷണിയും പരദൂഷണവും പറഞ്ഞ് സമുദായത്തിനിടയിൽ ഭിന്നിപ്പ് ഉണ്ടാക്കരുതെന്നും തൊപ്പിവച്ച സൈബർ പോരാളിയെ നിയന്ത്രിച്ചില്ലെങ്കിൽ പലതും സമുദായത്തിനു പറയേണ്ടിവരുമെന്നും എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജൽ മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഡ്വ. സജലിന്റെ പ്രതികരണം. മസ്അലയും നിയമവും എല്ലാത്തിനുമുണ്ട്. ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ കുറിച്ച് മോശം പറയൽ അയാളുടെ പച്ച ഇറച്ചി ഭക്ഷിക്കുന്നതിന് തുല്യമാണ്. മതത്തിൽ ഗവേഷകനാകുന്നതിന് മുമ്പ് ആദ്യം വിശ്വാസിയാകണം. ഏഷണിയും പരദൂഷണവും പറഞ്ഞ് സമുദായത്തിനിടയിൽ ഭിന്നിപ്പ് ഉണ്ടാക്കരുതെന്നും അഡ്വ. സജൽ ഓർമിപ്പിച്ചു.
പാണക്കാട് സാദിഖലി തങ്ങളുടെ പേര് പറയാതെ അദ്ദേഹത്തിന് വിവരമില്ലെന്നും ഖാസി ആകാൻ യോഗ്യതയില്ലെന്നുമുൾപ്പെടെ രൂക്ഷ വിമർശങ്ങളാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ മുക്കം ഉമർ ഫൈസി നടത്തിയത്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നടന്ന ഒരു സംഘടനാ പരിപാടിക്കിടെയായിരുന്നു ഉമർ ഫൈസിയുടെ വിമർശങ്ങൾ. ഖാസി ഫൗണ്ടേഷന് എതിരേയും സി.ഐ.സി വിഷയത്തിലുമെല്ലാം അദ്ദേഹം പ്രതികരിച്ചിരുന്നു. ഇത് വ്യാപകമായി ചർച്ചയായ സാഹചര്യത്തിലാണ് എം.എസ്.എഫ് നേതാവിന്റെ പ്രതികരണം.
അഡ്വ. സജലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
മസ്അലയും നിയമവും എല്ലാത്തിനുമുണ്ട്. ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ കുറിച്ച് മോശം പറയൽ അയാളുടെ പച്ച ഇറച്ചി ഭക്ഷിക്കുന്നതിന് തുല്യമാണ്. മുജ്തഹിദാകുന്നതിനു മുമ്പ് ആദ്യം മുഅ്മിൻ ആവണം. അതല്ലാതെ നമീമത്തും ഏഷണിയും പരദൂഷണവും പറഞ്ഞ് ഉമ്മത്തിനിടയിൽ ഭിന്നിപ്പ് ഉണ്ടാക്കരുത്.
പിന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കന്മാരുമൊക്കെ നേരിട്ട് ഫോണിൽ വിളിക്കുമ്പോൾ വലിയ ആളായി എന്നുള്ള തോന്നൽ തോന്നാൻ പാടില്ല എന്നുള്ള വിനയവും ഇസ്‌ലാമികമാണ്. തൊപ്പിവച്ച സൈബർ പോരാളിയെ നിയന്ത്രിച്ചില്ലെങ്കിൽ പലതും ഉമ്മത്തിന് പറയേണ്ടിവരും.