ന്യൂഡൽഹി: എംപോക്‌സ് അഥവാ മങ്കിപോക്‌സ് വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാകുന്നുവെന്ന റിപോർട്ടുകൾക്കിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ നിർദേശം. അന്താരാഷ്ട്ര യാത്രക്കാരിൽ എംപോക്‌സ് ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണം.
പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള എല്ലാ എയർപോർട്ടുകളിലും ലാൻഡ് പോർട്ടുകളിലും ജാഗ്രത വേണം. അടിയന്തര സാഹചര്യമുണ്ടായാൽ രോഗികളെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും ശുശ്രൂഷിക്കാൻ ഡൽഹിയിലെ മൂന്ന് ആശുപത്രികളെ നോഡൽ സെന്ററുകളാക്കിയതായും അറിയിപ്പിൽ വ്യക്തമാക്കി.
രാം മനോഹർ ലോഹ്യ ആശുപത്രി, സഫ്ദർജുംഗ്, ലേഡി ഹർദിംഗെ തുടങ്ങിയ ആശുപത്രികളെയാണ് നോഡൽ സെന്ററുകളായി പ്രഖ്യാപിച്ചത്. ഇവിടെ എംപോക്‌സ് രോഗികളെ ഐസോലേറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യാം. എല്ലാ സംസ്ഥാന സർക്കാരുകളും അതത് സംസ്ഥാനങ്ങളിൽ എംപോക്‌സ് രോഗികൾക്കായി ഏതെങ്കിലുമൊരു ആശുപത്രിയിൽ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ എംപോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയൽരാജ്യമായ പാകിസ്താനിലടക്കം രോഗം റിപോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നിർദേശം.
ആഫ്രിക്കയിൽ രോഗം വൻതോതിൽ വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 15000-ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അഞ്ഞൂറോളം പേർക്കാണ് ജീവൻ നഷ്ടമായത്.