ന്യൂഡൽഹി: രാജ്യത്ത് ചികിത്സാ ചെലവുകൾ അതിഭീകരമാംവിധം കുതിക്കുന്നതിനിടെ വയോധികർക്ക് വൻ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സാമൂഹിക-സാമ്പത്തിക പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണീ പദ്ധതി. ഇതിനായി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി.പി.എം.ജെ.എ.വൈ) എന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആറ് കോടി മുതിർന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയുടെ ഗുണം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. യോഗ്യരായ മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ഇൻഷ്വറൻസ് കാർഡ് നൽകും. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ നിലവിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്അപ്പ് പരിരക്ഷ ഉണ്ടാകും.
അതുപോലെ വിമുക്ത ഭടൻമാർക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ്, സി.ജി.എച്ച്.എസ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ അംഗങ്ങളായ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും അവയിൽ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാനും അവസരമുണ്ടാകും. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതി തുടങ്ങിയവയിൽ അംഗമായവർക്കും പുതിയ പദ്ധതിക്ക് അർഹതയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റിലെ സുപ്രധാനമായൊരു പ്രഖ്യാപനമായിരുന്നു ഈ ആരോഗ്യ പരിരക്ഷാ പദ്ധതി. പെൻഷനോ കാര്യമായ സാമ്പത്തിക വരുമാനങ്ങളോ ഇല്ലാതെ പ്രായത്തിന്റെ വിവശതകളുമായി കഴിയുന്നവർക്ക് സാമ്പത്തിക പരാധീനത മൂലം മതിയായ ചികിത്സ ലഭ്യമാക്കാനാവാത്ത സാഹചര്യമാണ് പുതിയ പദ്ധതിയിലൂടെ ഇല്ലാതാക്കുന്നത്. ഇത് കൃത്യമായി നടപ്പായാൽ, പ്രായമായവർക്കും അവരുടെ കുടുംബങ്ങൾക്കുമെല്ലാം വലിയ ആശ്വാസമാകും. പണമില്ലാത്തതിന്റെ പേരിൽ തങ്ങളുടെ പ്രായമായ ഉറ്റവരെയും മറ്റും ചികിത്സിക്കാനാവാത്ത സാഹചര്യമാണ് ഇതുമൂലം സമൂഹത്തിൽ ഇല്ലാതാവുക.