കല്‍പ്പറ്റ: കാര്‍ മാര്‍ഗം കല്‍പ്പറ്റയില്‍നിന്നു ചൂരല്‍മല ഹൈസ്‌കൂള്‍ റോഡിലെത്തിയ പ്രധാനമന്ത്രി ആദ്യം തിരക്കിയത് ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ കാര്യം. ദുരന്തമേഖലയില്‍ എത്തിയ പ്രധാനമന്ത്രി വെള്ളാര്‍മല സ്‌കൂള്‍ കാണണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍, ചൂരല്‍മലയിലെ വെള്ളാര്‍മല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. രണ്ട് വിദ്യാലയങ്ങളിലെയും പഠിതാക്കളില്‍ 43 പേരാണ് മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ പട്ടികയില്‍. ഇതില്‍ 32 പേര്‍ വെള്ളാര്‍മല സ്‌കൂളിലേതാണ്. മറ്റുള്ളവര്‍ മുണ്ടക്കൈ സ്‌കൂളിലെ പഠിതാക്കളും. ദുരന്തത്തില്‍ പരിക്കറ്റ വിദ്യാര്‍ഥികളും നിരവധിയാണ്.
സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും സ്‌കൂളും പ്രധാനമന്ത്രി വാഹനത്തിലിരുന്നാണ് ആദ്യം കണ്ടത്. ഇതിനുശേഷം വെള്ളാര്‍മല സ്‌കൂള്‍ ഭാഗത്ത് നടന്നെത്തിയ അദ്ദേഹം കുട്ടികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍, അവരുടെ ഭാവി, അനാഥരായ കുട്ടികള്‍, ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട കുട്ടികള്‍, വിദ്യാര്‍ഥികളുടെ തുടര്‍പഠനം തുടങ്ങിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറി വി. വേണുവിനോട് ചോദിച്ചറിഞ്ഞു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ദുരന്തമേഖലയിലെ സാഹചര്യം എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരിച്ചു. സ്‌കൂള്‍ റോഡില്‍ മണ്ണിനടിയിലായ ഭാഗം അര കിലോമീറ്ററിലധികം നടന്നുകണ്ടശേഷമാണ് പ്രധാനമന്ത്രി ബെയ്‌ലി പാലത്തിലുടെ മുണ്ടക്കൈ റോഡ് ഭാഗത്ത് എത്തി രക്ഷാദൗത്യത്തില്‍ പങ്കെടുത്ത സൈനികരും ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. ചൂരല്‍മലയെ മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡും പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. ഈ സാഹചര്യത്തില്‍ ചൂരല്‍മലയെ മുണ്ടക്കൈ റോഡുമായി ബന്ധിപ്പിച്ച് മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് നിര്‍മിച്ചതാണ് 190 അടി നീളമുള്ള ബെയ്‌ലി പാലം. ഉച്ചകഴിഞ്ഞ് 2.10 ഓടെയാണ് പ്രധാനമന്ത്രി ചൂരല്‍മലയില്‍നിന്നു മടങ്ങിയത്.