കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയായ വിവരം ഉടനെ പോലീസിനെ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി അമ്മയ്‌ക്കെതിരെ എടുത്ത പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി.
ഇത്തരം സംഭവങ്ങളിൽ അമ്മയ്‌ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതു പോലെയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്നറിയുമ്പോഴുള്ള അമ്മയുടെ ഞെട്ടലും മാനസിക വ്യഥയും കണക്കിലെടുക്കണമെന്ന് ഹരജിക്കാരിയുടെ വാദം കോടതി കണക്കിലെടുത്തു.
17-കാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് പോലീസിനെ സമയത്ത് അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ആളെ ഒന്നാം പ്രതിയും വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരുന്നത്.
എന്നാൽ, ഈ കേസിൽ അമ്മ മനപ്പൂർവ്വം വിവരം പോലീസിനെ അറിയിച്ചില്ലെന്ന് പറയാനാകില്ലെന്ന്ു കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പോക്‌സോ നിയമപ്രകാരം അമ്മയ്‌ക്കെതിരെ എടുത്ത കേസ് റദ്ദാക്കി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവിട്ടത്. തൃശൂർ അഡീഷണൽ ജില്ലാ കോടതിയിലെ അമ്മയ്‌ക്കെതിരായ തുടർ നടപടികളാണ് റദ്ദാക്കിയത്.
വയറു വേദനയെ തുടർന്നു മകളെ 2021 മെയ് 31ന് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ മൂന്നിന് ഡോക്ടർ വിവരം പോലീസിനെ അറിയിച്ചതോടെ, പിറ്റേന്ന് പോലീസ് എത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.