കോപ്പ അമേരിക്ക ഫൈനലിൽ, കൊളംബിയക്ക് എതിരായ മത്സരത്തിൽ വലത് കണങ്കാലിനേറ്റ പരിക്ക് കാരണം പുറത്തുപോയ മെസി അർജന്റീനിയൻ ബെഞ്ചിലിരുന്ന് കരഞ്ഞു. കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനെ പോലെ വാവിട്ടു നിലവിളിച്ചു. മൈതാനത്തിലേക്ക് നോക്കികൊണ്ടേയിരുന്ന മുഖംചുവന്നു തുടുത്തിരുന്നു.
ലോക ഫുട്ബോളിലെ എല്ലാ കിരീടവും മെസിയുടെ പേരിലുണ്ട്. ലോകകപ്പുണ്ട്, കോപ്പയുണ്ട്, ഫൈനലിസീമയുണ്ട്, എണ്ണിയാലൊടുങ്ങാത്ത അത്രയും കിരീടങ്ങളുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ കിരീടങ്ങൾ നിലവിൽ മെസിയുടെ പേരിലാണ്. എന്നിട്ടും മെസി കരഞ്ഞു. മൈതാനത്തിൽനിന്ന് ഇടക്ക് കയറിപ്പോരേണ്ടി വന്നതിന്റെ സങ്കടമായിരുന്നു ആ ഇതിഹാസത്തിന്.
112-ാം മിനിറ്റിൽ ലൗട്ടാരെ മാർട്ടിനസ് കൊളംബിയൻ പോസ്റ്റിലേക്ക് നിറയൊഴിക്കുന്നതും നോക്കി മെസിയുണ്ടായിരുന്നു-അർജന്റീനയുടെ ബെഞ്ചിൽ. എഴുന്നേറ്റ് നിന്ന് ആ നിമിഷം കണ്ണുനിറയെ നോക്കിയെ മെസി വേച്ചുവേച്ച് നടന്ന് അടുത്തുള്ള സഹതാതാരത്തെയും കോച്ച് സ്കലോണിയെയും കെട്ടിപ്പിടിച്ചു. അപ്പോഴും അയാളിൽ കണ്ണീരുണ്ടായിരുന്നു. ഇടയ്ക്കുവെച്ച് മൈതാനത്തിൽനിന്ന് കയറിപ്പോരേണ്ടി വന്നതിന്റെ സങ്കടം.
“ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലിയോ. അവൻ ഒരിക്കലും കളിക്കളം വിടാൻ ആഗ്രഹിക്കുന്നില്ല,” അർജൻ്റീനിയൻ കോച്ച് ലയണൽ സ്‌കലോണി മെസിയെ കുറിച്ച് പറഞ്ഞു. പരിക്കേറ്റ് കണങ്കാൽ വീർത്തിട്ടും കളിക്കാൻ തന്നെയായിരുന്നു മെസിയുടെ തീരുമാനം. ടീം അംഗങ്ങളെ കളിക്കളത്തിലാക്കി തിരിച്ചുപോകാൻ മെസി തയ്യാറായിരുന്നില്ല. കളിച്ചുകൊണ്ടേയിരിക്കാനാണ് അവൻ ജനിച്ചത്-സ്കലോണി പറഞ്ഞു.
മൂന്ന് വർഷത്തിനിടെ അർജൻ്റീനയുടെ മൂന്നാമത്തെ പ്രധാന ടൂർണമെൻ്റ് കിരീടമാണ് കോപ്പ. എന്നാൽ ഈ ടൂർണമെൻ്റിൽ കൂടുതൽ പരിക്കുകളാണ് മെസിക്ക് ലഭിച്ചത്. 64-ാം മിനിറ്റിൽ മിഡ്ഫീൽഡിന് ചുറ്റും ഓടുന്നതിനിടയിൽ വീണ് മെസിക്ക് പരിക്കേറ്റത്. വീണിടത്ത്നിന്ന് എഴുന്നേറ്റ് ഇടതുകയ്യിലെ ക്യാപ്റ്റൻ ബാൻഡ് അഴിച്ചുമാറ്റുമ്പോൾ തന്നെ മെസിയുടെ മുഖത്ത് കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു. കണ്ണീർ കാണാതിരിക്കാൻ ബെഞ്ചിലിരുന്ന് കൈ കൊണ്ടു മുഖം മറച്ചു.
പരിക്കേറ്റ മെസി കളിക്കളത്തിലേക്ക് ഉടൻ തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. പരിക്കേറ്റ കണങ്കാൽ സുഖപ്പെടാൻ കൂടുതൽ സമയം വേണ്ടിവരും. ജൂലൈ 24-ന് ഒഹായോയിലെ കൊളംബസിൽ ഇന്റർമിയാമിയുടെ മത്സരത്തിൽ മെസി പങ്കെടുക്കില്ലെന്നാണ് സൂചന.