കുട്ടി അഹമ്മദ് കുട്ടി എന്ന പേരിൽ തന്നെ ഒരു കൗതുകമുണ്ട്. തുടക്കവും ഒടുക്കവും ഒരു കുട്ടി. ലോകത്ത് മറ്റാർക്കുമില്ലാത്തൊരു പേര്. രണ്ടു കുട്ടികൾക്കിടയിലെ അഹമ്മദ്. മനോഹരമായൊരു പേര്. പേരിലെ കൗതുകവും മനോഹാരിതയും ഏതുകാലത്തും സൂക്ഷിച്ചുവെച്ചാണ് കുട്ടി അഹമ്മദ് കുട്ടി എന്ന ജനകീയ പൊതുപ്രവർത്തകൻ രാഷ്ട്രീയ ജീവിതം നയിച്ചിരുന്നത്. എം.എൽ.എയും മന്ത്രിയുമായും പ്രവർത്തിച്ചപ്പോഴും സാധാരണ ജനങ്ങളുമായുള്ള ബന്ധം ഹൃദ്യമായി തുടർന്നു. ആ ബന്ധത്തിന്റെ ഊഷ്മളത കാരണം മന്ത്രിയായിട്ടും എം.എൽ.എ ആയിട്ടും ലീഗിന്റെ ഉന്നത നേതാവിയിട്ടും നാട്ടുകാർക്ക് പ്രിയപ്പെട്ട കുഞ്ഞിക്കാക്ക മാത്രമായായിരുന്നു കുട്ടി അഹമ്മദ് കുട്ടി. മുസ്ലിം ലീഗിനാണെങ്കിൽ ജനകീയാസൂത്രണം പോലെയുള്ള വിഷയങ്ങളിലെ ആധികാരിക ശബ്ദവും.
മലപ്പുറം ജില്ലയുടെ തീരദേശത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന സെയ്താലിക്കുട്ടി മാഷിന്റെ മകനായിരുന്നു കുട്ടി അഹമ്മദ് കുട്ടി. സെയ്താലിക്കുട്ടി മാഷിനോടുള്ള ജനങ്ങളുടെ സ്നേഹം കുട്ടി അഹമ്മദ് കുട്ടിയോടും നാടും നാട്ടുകാരും കാണിച്ചു. സർവേന്ത്യ ലീഗിന്റെ നേതാവ് കൂടിയായിരുന്നു കുട്ട്യാലിക്കടവത്ത് സെയ്താലിക്കുട്ടി മാസ്റ്റർ.
പഠന കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിൽ കുട്ടി അഹമ്മദ് കുട്ടിയെ നാം കാണില്ല. മുഴുസമയ വായനയിലും സർഗാത്മകതയിലും മുഴുകി. ബി.എസ്.സി പഠനം പൂർത്തിയാക്കുന്നത് വരെ രാഷ്ട്രീയം വലുതായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നില്ല. പിന്നീട് എഴുത്തും എഴുത്തുകാരും മാത്രമായിരുന്ന ലോകത്തുനിന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മാറിയപ്പോഴും സർഗാത്മകതയെ അദ്ദേഹം കൂടെക്കൂട്ടി. വീട്ടിലെ ലൈബ്രറിയിൽ ലോകോത്തര സാഹിത്യങ്ങളുടെ വലിയ ശേഖരമുണ്ടായിരുന്നു. മന്ത്രിയായിരിക്കുമ്പോഴും പുസ്തകങ്ങളോടുള്ള ചങ്ങാത്തം അവസാനിപ്പിച്ചില്ലെന്ന് മാത്രമല്ല, വായന കൂടുതൽ ദൃഢമാക്കുകയും ചെയ്തു.
തന്റെ ഉന്നതമായ ചിന്ത രാഷ്ട്രീയത്തിലും അദ്ദേഹം പുലർത്തി. 1982 മുതൽ 84 വരെയും 1988 മുതൽ 90 വരെയും താനൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. 19 വർഷം എം.എൽ.എയുമായി. മന്ത്രിയായും പ്രവർത്തിച്ചു. ഇക്കാലയളവിലൊന്നും ഒരു തരത്തിലുള്ള ആരോപണങ്ങളും അദ്ദേഹത്തിന് നേരെ ഉയർന്നില്ല എന്നത് അതീവസൂക്ഷ്മമായി അദ്ദേഹം രാഷ്ട്രീയത്തെ സമീപിച്ച രീതികൊണ്ട് കൂടിയാണ്. ഒരു ആരാധന പോലെ രാഷ്ട്രീയത്തെ വരിച്ചു. 2004 സെപ്തംബർ അഞ്ചിനാണ് കുട്ടി അഹമ്മദ് കുട്ടി തദ്ദേശവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയായി സ്ഥാനമേറ്റത്.
2005 ഫെബ്രുവരി അഞ്ചിന് തദ്ദേശവകുപ്പ് മന്ത്രിയായിരിക്കെ കൊല്ലത്ത് ഓച്ചിറയിൽ വെച്ചുണ്ടായ കാറപകടത്തിൽ കുട്ടി അഹമ്മദ് കുട്ടിക്ക് മാരകമായി പരിക്കേറ്റിരുന്നു. അപകടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു. എങ്കിലും അവസാന നിമിഷം വരെ രാഷ്ട്രീയത്തിൽ സജീവമായി നിലകൊണ്ടു. സംസ്ഥാന ബജറ്റിനെ ഇഴകീറി പരിശോധിക്കാനും മുസ്ലിം ലീഗിന്റെ തദ്ദേശഭരണ ഇടപെടലുകളെ സജീവമായി നിലനിർത്താനും അദ്ദേഹം ശ്രമിച്ചു.
കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തോടെ മുസ്ലിം ലീഗിലെ സർഗാത്മകതയുടെ പുസ്തകത്തിൽനിന്ന് ഏറ്റവും നിറവാർന്നൊരു അധ്യായമാണ് അടർന്നുവീഴുന്നത്.