ന്യൂഡൽഹി / റാഞ്ചി: മുതിർന്ന ജെ.എം.എം നേതാവും മന്ത്രിയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബി.ജെ.പിയിലേക്കുതന്നെ. അഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വെള്ളിയാഴ്ച റാഞ്ചിയിൽ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
നിലവിൽ ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിയായ ചംപയ് സോറനെ കഴിഞ്ഞ ദിവസം ഹിമന്ത ബിശ്വ ശർമ്മ പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും തുടർന്നുള്ള പ്രഖ്യാപനങ്ങളും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തപ്പോഴാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന് പകരക്കാരനായി അദ്ദേഹത്തിന്റെ വിശ്വസ്തൻ കൂടായായിരുന്ന ചംപയ് സോറൻ മുഖ്യമന്ത്രിയായത്. എന്നാൽ, കേന്ദ്രത്തിന്റെയും ഇ.ഡിയുടെയും എല്ലാവിധ സന്നാഹങ്ങളോടും പൊരുതി ഹേമന്ത് സോറൻ ജയിൽ മോചിതനായി വീണ്ടും മുഖ്യമന്ത്രിയായതോടെയാണ് ചംപയ് സോറന് അധികാരക്കസേര നഷ്ടമായത്. ഇതോടെ ജെ.എം.എം നേതൃത്വവുമായി ചംപയ് സോറൻ അകലുകയായിരുന്നു. ഈ അതൃപ്തി ശക്തമായി മുതലെടുത്താണ് ബി.ജെ.പി കളിച്ചത്.
അതിനിടെ, മൂന്ന് വഴികളാണിപ്പോൾ തന്റെ മുന്നിലെന്നും ചംപയ് സോറൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുകയാണ് രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുകയാണ് മൂന്നാമത്തെ വഴിയെന്നും ഈ സാധ്യതകൾ തുറന്നു കിടക്കുകയാണെന്നും ചംപയ് സോറൻ വ്യക്തമാക്കിയിരുന്നു. അഞ്ചുമാസത്തിനകം പുതിയ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ജാർഖണ്ഡിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ് ബി.ജെ.പിയും ചംപയ് സോറനും. ആറു എം.എൽ.എമാർ ഇദ്ദേഹത്തിന്റെ കൂടെയുണ്ടെന്ന് റിപോർട്ടുകളുണ്ടായിരുന്നെങ്കിലും അത്തരം കാര്യങ്ങളിലൊന്നും ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഒന്നുമുണ്ടായിട്ടില്ല.