കുവൈത്ത് സിറ്റി– പ്രണയനൈരാശ്യത്തെ തുടർന്ന് തമിഴ്നാട് മയിലാടുതുറൈ സ്വദേശിയായ യുവാവ് കുവൈത്തിൽ ആത്മഹത്യ ചെയ്തു. മയിലാടുതുറൈയ്ക്ക് സമീപമുള്ള തലൈനായറിലെ ശരത് കുമാർ (29) ആണ് ആത്മഹത്യ ചെയ്തത്. കുവൈത്തിൽ ജോലി ചെയ്യുന്ന ശരത് കുമാർ കഴിഞ്ഞ 10 വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു. ലക്ഷകണക്കിന് വില വരുന്ന സമ്മാനങ്ങളും യുവതിക്ക് ശരത് സമ്മാനിച്ചിരുന്നതായി പറയപ്പെടുന്നു.
ശരത് കുമാറിന്റെ ബന്ധു കൂടിയാണ് പ്രണയത്തിലായിരുന്ന സംഗീത. സംഗീതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശരത് ചോദിച്ചപ്പോഴാണ് തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും അയാളെ വിവാഹം കഴിക്കുമെന്നും സംഗീത അറിയിച്ചത്.
തന്റെ ഇരുചക്ര വാഹനം ഒരിക്കൽ നഷ്ടപ്പെട്ടുവെന്നും അത് 4 ദിവസത്തിനുള്ളിൽ കണ്ടെത്താൻ തന്നെ സഹായിച്ചത് വൈത്തീശ്വരൻകോയിൽ പോലീസ് സബ് ഇൻസ്പെക്ടർ സൂര്യമൂർത്തി ആയിരുന്നെന്നും സംഗീത പറഞ്ഞു. ഇതേ തുടർന്നാണ് തനിക്ക് അയാളോട് പ്രണയം തോന്നിയതെന്നും സംഗീത ശരത്തിനോട് പറഞ്ഞു. ഇതിൽ മനം നൊന്തായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ.
ശരത്തിന്റെ മൃതദേഹം ചൊവാഴ്ച നാട്ടിൽ എത്തിച്ചു. മരണവാർത്ത അറിഞ്ഞ യുവതി ഒളിവിൽ പോയിരിക്കുകയാണ്. എസ്ഐ സൂര്യമൂർത്തിയെ ആംഡ് റിസർവ് പോലീസിലേക്ക് മാറ്റി.
അതേസമയം, ശരത് കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ സംഗീതയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഗ്രാമവാസികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരായ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. തുടർന്ന്, സംഗീതയ്‌ക്കെതിരെ ബിഎൻഎസ് സെക്ഷൻ 318 (4) (വഞ്ചന) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സംഗീതയ്‌ക്കായി തിരച്ചിൽ തുടരുകയാണ്.