തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി പഞ്ചായത്തുകളിൽ കൂടുതൽ വാർഡുകളുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിന് ഗവർണറുടെ പൂട്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കവെ സർക്കാറിന്റെ പുതിയ തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസിൽ ഒപ്പിടാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കി.
ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം പൂർത്തിയാക്കാനാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം വിളിച്ച് ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ചത്. ഇത് മടക്കിയതോടെ കാര്യങ്ങൾ മുന്നോട്ടുനീക്കാൻ ഇനിയും കൂടുതൽ സമയം വേണ്ടിവരും.
ജൂൺ പത്തിന് നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഭ ചേർന്നാൽ പിന്നെ ഓർഡിനൻസിന് പ്രസക്തിയില്ല. തുടർന്ന് ബിൽ തന്നെ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവും.
2019-ലും തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് അന്നത്തെ ഗവർണർ മടക്കിയിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ ബില്ല് പാസാക്കുകയായിരുന്നു. പിന്നീട് കോവിഡ് സാഹചര്യത്തിൽ വാർഡ് വിഭജനം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഇത്തവണ എല്ലാ പഞ്ചായത്തിലും ഒരു വാർഡെങ്കിലും പുതുതായുണ്ടാക്കി ഏറ്റവും ചുരുങ്ങിയത് സംസ്ഥാനത്ത് 1200 പുതിയ വാർഡുകൾ കണ്ടെത്താനാകുമെന്നാണ് സർക്കാർ കണക്കൂകൂട്ടൽ. ഇതിനായി തങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുംവിധം വാർഡ് വിഭജനം സാധ്യമാക്കാനുള്ള ഗവേഷണത്തിലാണ് വിവിധ പഞ്ചായത്ത് ഭരണസമിതികളും പ്രതിപക്ഷ പാർട്ടികളും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group