കല്‍പ്പറ്റ: മാവോവാദിയായി മാറിയ മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭീകര വിരുദ്ധ സേനയുടെ പിടിയിലായ സോമന്‍. വയനാട്ടില്‍ മാവോവാദത്തിന്റെ വേരറുക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി സോമനെ കണ്ടെത്താനും സംസ്ഥാന സര്‍ക്കാരിന്റെ സറണ്ടര്‍ പോളിസി പ്രകാരം കീഴടങ്ങുന്നതിന് സൗകര്യം ഒരുക്കാനും ജില്ലാ പോലീസ് ശ്രമിച്ചുവരികയായിരുന്നു. ഇതിനിടെയാണ് സിപിഐ(മാവോയിസ്റ്റ്)നാടുകാണി ദളം കമാന്‍ഡറെന്ന് പോലീസ് പറയുന്ന സോമന്‍ എടിഎസിന്റെ കസ്റ്റഡിയിലായത്.
കല്‍പ്പറ്റ ചുഴലി പുലയക്കൊല്ലിയില്‍ രാമന്‍കുട്ടി-ദേവി ദമ്പതികളുടെ മകനാണ് 43കാരനായ സോമന്‍. കല്‍പ്പറ്റ ഗവ.കോളജില്‍ പ്രീ ഡിഗ്രി പഠിച്ച സോമന്‍ വിദുര വിദ്യാഭ്യാസ സംവിധാനത്തിലൂടെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ സൈക്കോളജി ഐച്ഛികവിഷയമാക്കി ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. പഠനം നിര്‍ത്തിയ സോമന്‍ സാഹിത്യ-പത്ര പ്രവര്‍ത്തനമാണ് ഉപജീവനമാര്‍ഗമായി സ്വീകരിച്ചത്.
കല്‍പ്പറ്റയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘യുവദര്‍ശനം’ മാസികയുടെയും ‘ഞായറാഴ്ചപ്പത്ര’ത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു സോമന്‍. 1996ല്‍ ആരംഭിച്ച മാസികയുടെ പ്രസിദ്ധീകരണം മൂന്നാം വാര്‍ഷികാഘോഷത്തിനുശേഷം സാമ്പത്തിക പ്രയാസങ്ങളെത്തുടര്‍ന്നു നിര്‍ത്തി. പിന്നീട് തുടങ്ങിയതാണ് പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കി ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രം. രണ്ടുവര്‍ഷത്തോളം പത്രം നടത്തി കടത്തില്‍ മുങ്ങിയ സോമന്‍ കല്‍പ്പറ്റ ആസ്ഥാനമായുള്ള ചിട്ടിക്കമ്പനി താമരശേരിയിലും ബത്തേരിയിലും നല്‍കിയ ചെക്ക് കേസുകളില്‍ പ്രതിയായി.
ഈ കേസുകള്‍ ഒഴിവാക്കുന്നതിനു വയനാട് ബ്ലേഡ് വിരുദ്ധ സമിതിയുടെ സഹായം തേടിയ സോമന്‍ ‘പോരാട്ടം’ പ്രവര്‍ത്തകനായി. ‘പോരാട്ടം’ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതായിരുന്നു ബ്ലേഡ് വിരുദ്ധ സമിതി. ‘പോരാട്ടം’ ബത്തേരിയിലും കണ്ണൂരിലും കാസര്‍ഗോഡും നടത്തിയ പ്രധാന ആക്ഷനുകളില്‍ പങ്കാളിയായിരുന്നു സോമന്‍. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യത്തിലിറങ്ങിയ സോമന്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരായിരുന്നില്ല.
ബത്തേരിയില്‍ ആക്ഷന്റെ ഭാഗമായി വൈദികന്റെ വീടാണ് ആക്രമിച്ചത്. ആദിവാസി ബാലനെ മോഷണക്കേസില്‍ കുടുക്കിയയെന്ന് ആരോപിച്ചായിരുന്നു വൈദികനെതിരായ നീക്കം. ഈ കേസില്‍ മറ്റു പ്രതികളെ കോടതി വിട്ടയച്ചു. വിചാരണയ്ക്ക് ഹാജരാകാതിരുന്ന സോമനെതിരായ കേസ് നിലനില്‍ക്കുകയാണ്.
കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ പോസ്റ്റര്‍ ഒട്ടിച്ചാണ് സോമന്‍ കണ്ണൂരില്‍ കേസില്‍പ്പെട്ടത്. പോസ്റ്റര്‍ സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയായായിരുന്നു പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ണൂര്‍ കേസില്‍ ജാമ്യമിറങ്ങിയ സോമന്‍ വയനാട് വിട്ടു. സോമന്‍ വടക്കേ ഇന്ത്യയില്‍ ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തിലായിരുന്നു വിവിധ കേസുകളില്‍ ജാമ്യം നിന്നവര്‍. ഇതിനിടെയാണ് മാവോവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസില്‍ സോമന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. കോളജ് വിദ്യാഭ്യാസകാലത്ത് ബിജെപിയുടെ വിദ്യാര്‍ഥി ഘടകമായ എബിവിപി പ്രവര്‍ത്തകനായിരുന്ന സോമന്‍ പില്‍ക്കാലത്ത് മാവോവാദിയായതിന്റെ ഉത്തരവാദിത്തം കൊള്ളപ്പലിശക്കാര്‍ക്കാണെന്ന് അടക്കം പറയുന്നവര്‍ നിരവധിയാണ്.
വയനാട് തലപ്പുഴയില്‍ ഐഇഡി കുഴിച്ചിട്ടതടക്കം സോമനെതിരേ നിരവധി കേസുകള്‍
2012 മുതല്‍ മാവോയിസ്റ്റ് ദളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോമനെതിരേ യുഎപിഎ കേസുകള്‍ക്കു പുറമേ എന്‍ഐഎ കേസും നിലവിലുണ്ട്. 2016ല്‍ നിലമ്പൂര്‍ വരമലയില്‍ ചേര്‍ന്ന മാവോവാദി സമ്മേളനവുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ കേസ്. അക്കാലത്ത് നാടുകാണി ദളത്തിലെ പ്രമുഖനായിരുന്ന സോമനായിരുന്നു സമ്മേളന നടത്തിപ്പുചുമതല. സോമന്റെ കല്‍പ്പറ്റ ചുഴലിയിലെ വീട്ടില്‍ 2021ല്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു.
വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സോമനെതിരേ യുഎപിഎ കേസുകളുണ്ട്. 2015ല്‍ അട്ടപ്പാടിയില്‍ പോലീസിനു നേരേ നിറയൊഴിച്ച കേസില്‍ ഒന്നാം പ്രതിയാണ്. മേപ്പാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചതിനും അട്ടമലയില്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തതിനും 2017ല്‍ തൊള്ളായിരംകണ്ടിയില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേരെ തടഞ്ഞുവച്ചതിനും സോമനെതിരേ കേസുണ്ട്. ഏറ്റവും ഒടുവില്‍ വയനാട് തലപ്പുഴയ്ക്കു സമീപം ഐഇഡി(ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസസ്)കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസിലും പ്രതിയാണ്.
വയനാട്, കണ്ണൂര്‍ അതിര്‍ത്തി വനം കേന്ദ്രീകരിച്ചായിരുന്നു കുറച്ചുകാലമായി സോമന്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പ്രവര്‍ത്തനം. പലവഴിക്ക് വലവിരിച്ചെങ്കിലും സോമനെക്കുറിച്ച് വ്യക്തമായ സൂചന എടിഎസിനു ലഭിച്ചിരുന്നില്ല. 2021 ഒക്ടോബര്‍ 25നു വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയ മാവോയിസ്റ്റ് കബനി ദളം ഡപ്യൂട്ടി കമാന്‍ഡന്റ് പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമു, അതേവര്‍ഷം അറസ്റ്റിലായ രാഘവേന്ദ്ര, ബി.ജി. കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവര്‍ക്ക് സോമന്‍ എവിടെ എന്നതില്‍ വ്യക്തമായ സൂചന നല്‍കാനായില്ല. സിപിഐ(മാവോയിസ്റ്റ്) കേന്ദ്ര സമിതിയംഗവും പശ്ചിമഘട്ട മേഖല സെക്രട്ടറിയുമായിരുന്നു കൃഷ്ണമൂര്‍ത്തി. സാവിത്രി എന്ന രജിത മാവോയിസ്റ്റ്് കബനി ദളം കമാന്‍ഡറായിരുന്നു. കര്‍ണാടക സ്വദേശികളാണ് ഇരുവരും. കാട്ടിലും നാട്ടിലുമുള്ള മാവോയിസ്റ്റുകള്‍ക്കിടിയില്‍ സന്ദേശ കൈമാറ്റം നടത്തിയിരുന്നതു ഗൗതം എന്നും പേരുള്ള രാഘവേന്ദ്രയാണ്.
വയനാട്ടിലും സമീപദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് ദളങ്ങള്‍ തീര്‍ത്തും ദുര്‍ബലമായെന്നാണ്
ജില്ലാ പോലീസിന്റെ വിലയിരുത്തല്‍. കബനി, നാടുകാണി, ബാണാസുര ദളങ്ങള്‍ നിര്‍ജീവമാണ്. മലപ്പുറം സ്വദേശി സി.പി. മൊയ്തീന്‍, വയനാട് സ്വദേശിനി ജിഷ, പുറംനാട്ടുകാരായ വിക്രം ഗൗഡ, ജയണ്ണ, സുന്ദരി, ലത, യോഗേഷ് എന്നിങ്ങനെ എടിഎസ് അന്വേഷിക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ പട്ടിക ചുരുങ്ങി. ഇതില്‍ മൊയ്തീന്‍ ഒഴികെയുള്ളവര്‍ കര്‍ണാടകയിലേക്ക് നീങ്ങിയതായാണ് പോലീസിനു ലഭിച്ച വിവരം. കാടിറങ്ങിയ മൊയ്തീന്‍ കേരളത്തിലെ ഏതോ നഗരത്തില്‍ ഉണ്ടെന്നാണ് അവരുടെ അനുമാനം.
നാടുകാണി ദളാംഗമാണ് ഈയിടെ എറണാകുളത്ത് പിടിയിലായ മനോജ്. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് സോമന്‍ പിടിയിലായത്.
സംസ്ഥാനത്തു മാവോയിസ്റ്റ് പ്രസ്ഥാനത്തിനു അമരം പിടിച്ചിരുന്ന രൂപേഷ് ദീര്‍ഘകാലമായി ജയിലിലാണ്. വിവിധ ദളങ്ങളിലെ മുതിര്‍ന്ന നേതാക്കളായ കുപ്പുദേവരാജന്‍, അജിത, സി.പി. ജലീല്‍, വേല്‍മുരുകന്‍ എന്നിവരടക്കം ചിലര്‍ പോലീസിന്റെ തോക്കിനിരയായി. വടക്കേ വയനാട്ടിലെ തലപ്പുഴ പേരിയ ചപ്പാരത്ത്
കഴിഞ്ഞ നവംബറില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റമുട്ടലിനിടെ തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ചന്ദ്രു(34), കര്‍ണാടക ചിക്മംഗളൂരു സ്വദേശിനി ഉണ്ണിമായ(31) എന്നിവര്‍ പിടിയിലായിരുന്നു.