അവസാന നിമിഷം വരെ പോരാടും. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഏത് അഭിമുഖത്തിലും പറയാറുള്ള വാക്കായിരുന്നു ഇത്. ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ അധികാരമേൽക്കുന്ന ചടങ്ങിന് എത്തിയ ഹനിയ്യയെയും അംഗരക്ഷകനെയും അദ്ദേഹത്തിന്റെ വസതിയിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രായിൽ സൈന്യം വധിക്കുകയായിരുന്നു. ഹനിയ്യയുടെ മരണം ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാർഡും ഹമാസും വെവ്വേറെ പ്രസ്താവനകളിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇസ്രായിൽ സൈന്യം നടത്തിയ ചതിയാണ്
“ഇന്ന് അതിരാവിലെ, ടെഹ്‌റാനിലെ ഇസ്മായിൽ ഹനിയയുടെ വസതിയിൽ ആക്രമണമുണ്ടായി, അദ്ദേഹത്തിൻ്റെയും അദ്ദേഹത്തിൻ്റെ ഒരു അംഗരക്ഷകൻ്റെയും രക്തസാക്ഷിത്വത്തിന് കാരണമായി. ആക്രമണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റെവല്യൂഷണറി ഗാർഡ്സ് പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി. ഇറാനും ഹമാസിനും ഒരേസമയം നേരിടുന്ന തിരിച്ചടിയാണ് ഹനിയ്യയുടെ മരണം.
ഹമാസിന് കനത്ത നഷ്ടം വിതക്കുന്നതാണ് ഇസ്മായിൽ ഹനിയ്യയുടെ മരണം. ഹമാസിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കാറുള്ളത് ഇസ്മായിൽ ഹനിയ്യ ആയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇസ്മായിൽ ഹനിയ്യയുടെ മൂന്നു മക്കളെയും മൂന്നു പേരക്കുട്ടികളെയും ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയത്.
ഞങ്ങളുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയാലും ലക്ഷ്യത്തിൽനിന്ന് ഒരടിപോലും പിൻമാറില്ല. ലക്ഷ്യം കാണുന്നത് വരെ പോരാടുക തന്നെ ചെയ്യും എന്നായിരുന്നു മക്കളുടെയും പേരക്കുട്ടികളുടെയും മരണ വാർത്ത അറിഞ്ഞ നിമിഷം ഹനിയ്യ പ്രഖ്യാപിച്ചത്. ഖത്തറിൽ വെച്ചാണ് മക്കളുടെയും പേരക്കുട്ടികളുടെയും മരണവാർത്ത ഇസ്മായിൽ ഹനിയ കേൾക്കുന്നത്. ഇസ്രായിൽ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം താനാണെന്ന് ഹനിയക്ക് അറിയാം. മക്കളുടെ മരണവാർത്തയിൽ പതറിപ്പോകേണ്ട നിമിഷത്തിൽ പക്ഷെ, ഹനിയ പ്രകടിപ്പിച്ചത് അസാമാന്യ ധീരതയും സ്ഥൈര്യവുമായിരുന്നു. തന്റെ മക്കള്‍ കൊല്ലപ്പെട്ടത് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ഹമാസിന്റെ ഉപാധികളെ ബാധിക്കില്ലെന്ന് ഹനിയ്യ ആവർത്തിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ ചർച്ചകളിൽ സജീവമായിരുന്നു ഹനിയ്യ. ഈജിപ്തിലും ഖത്തറിലുമായി നടന്ന നിരവധി ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തു. ഇതിനിടെയാണ് ഇറാനിലേക്ക് പോയത്. ഖത്തറിലായിരുന്നു ഇസ്മായിൽ ഹനിയ്യ സ്ഥിരമായി തങ്ങാറുള്ളത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയുമാണ് ഇസ്മായില്‍ ഹനിയ്യ.
ഇക്കഴിഞ്ഞ ഏപ്രിലിൽ ഇസ്രായിൽ ഗാസയിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ഹനിയ്യയുടെ മക്കളായ ഹാസിം, അമീര്‍, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കു പുറമെ ഇസ്മാഈല്‍ ഹനിയ്യയുടെ പേരമക്കളായ ആമാല്‍, ഖാലിദ്, റസാന്‍ എന്നിവരും കൊല്ലപ്പെട്ടു. ഗാസക്ക് പടിഞ്ഞാറ് അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ആറു പേരും കൊല്ലപ്പെട്ടതെന്നായിരുന്നു ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരു ബാലിക ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബാലിക പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ മരുന്നുകള്‍ക്കും സജ്ജീകരണങ്ങള്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും വലിയ കുറവ് നേരിടുന്ന അല്‍അഹ്‌ലി അല്‍അറബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രോണില്‍ നിന്നുള്ള മിസൈല്‍ ഉപയോഗിച്ചാണ് കാറിനു നേരെ ആക്രമണം നടത്തിയത്. ഹനിയ്യക്ക് 13 മക്കളാണുള്ളത്. ഇക്കൂട്ടത്തില്‍ ചിലര്‍ ഗാസയിലും മറ്റു ചിലര്‍ വിദേശത്തുമാണ് കഴിയുന്നത്.
ആരാണ് ഇസ്മായിൽ ഹനിയ്യ
ഫലസ്തീനിനും ഇസ്രായിലിനുമിടയിലെ സംഘർഷത്തിൽ എപ്പോഴും പറഞ്ഞു കേൾക്കുന്ന പേരാണ് ഇസ്മായിൽ ഹനിയയുടേത്. ഗാസയിൽ ഇസ്രായിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ മുഖമാണ് ഹനിയ.
ഇസ്മായിൽ ഹനിയയെ ലക്ഷ്യമിട്ട് ഇസ്രായിൽ സൈന്യം നേരത്തയും ആക്രമം നടത്തിയിട്ടുണ്ട്. നേരത്തെ നടത്തിയ ആക്രമണത്തിൽ ഇസ്മായിൽ ഹനിയയുടെ കുടുംബവീട് തകരുകയും രണ്ടു പേരക്കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2017-മുതലാണ് ഹമാസിന്റെ നയതന്ത്രമുഖമായി ഇസ്മായിൽ ഹനിയ മാറുന്നത്. ഗാസ മുനമ്പിലെ യാത്ര നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് തുർക്കി വഴിയാണ് ഹനിയ ഖത്തറിൽ എത്തിയത്. ഇപ്പോഴും നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ മുഖമാണ് ഹനിയ്യ. ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായെല്ലാം ഹമാസിന്റെ കാര്യങ്ങൾ നിലവിൽ സംസാരിക്കുന്നത് ഹനിയ്യയാണ്.
അറബ് രാജ്യങ്ങൾ ഇതേവരെ ഒപ്പുവെച്ച ഒരു കരാറും ഫലസ്തീനിനും ഇസ്രായിലിനും ഇടയിലെ സംഘർഷം അവസാനിപ്പിക്കില്ല എന്നായിരുന്നു ഒക്ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഹനിയ പ്രഖ്യാപിച്ചത്. അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം. ഹമാസ് നേതാവായ ഖാലിദ് മിഷേലിനൊപ്പമാണ് ഇസ്മായിൽ ഹനിയ ഗൾഫ് മേഖലയിൽ നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിനും ഹമാസിനും ഗാസയ്ക്കും കൂടുതൽ സഹായം ലഭ്യമാക്കുന്നതിനും വേണ്ടി ഇവർ പ്രവർത്തിച്ചു.
ഇരുവരെയും ഹമാസിനെയും ഭീകര നേതാക്കളും സംഘടനയുമായാണ് ഇസ്രായിൽ കണക്കാക്കുന്നത്. അതേസമയം, ഒക്ടോബർ ഏഴിലെ ആക്രമണത്തെ പറ്റി ഹനിയക്ക് അറിവില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ ഹമാസ് മിലിട്ടറി കൗൺസിൽ തയ്യാറാക്കിയ പദ്ധതി, വളരെ സൂക്ഷ്മമായി സംരക്ഷിച്ച രഹസ്യമായിരുന്നു. അതിന്റെ സമയവും അളവും കണ്ട് ചില ഹമാസ് ഉദ്യോഗസ്ഥർ വരെ ഞെട്ടിപ്പോയി എന്നാണ് വാർത്തകളിലുള്ളത്. അതേസമയം, ഹമാസിന്റെ പോരാട്ട ശേഷി വളർത്തിയെടുക്കുന്നതിൽ സുന്നി മുസ്ലീമായ ഹനിയയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഹനിയ ഹമാസിന്റെ ഗാസയിലെ ഉന്നത നേതാവായിരുന്ന ദശകത്തിൽ, സംഘത്തിന്റെ സൈനിക വിഭാഗത്തിലേക്ക് മാനുഷിക സഹായം വഴിതിരിച്ചുവിടാൻ അദ്ദേഹത്തിന്റെ നേതൃത്വ സംഘം സഹായിച്ചതായി ഇസ്രായിൽ ആരോപിക്കുന്നു.
ഷട്ടിൽ ഡിപ്ലോമസി
2017-ൽ ഹനിയ ഗാസ വിട്ടപ്പോൾ, ഹനിയയുടെ പിൻഗാമിയായി യഹ്യ സിൻവാറാണ് ചുമതലയേറ്റത്. രണ്ട് പതിറ്റാണ്ടിലേറെ ഇസ്രായിൽ ജയിലിലായിരുന്നു സിൻവാർ. തടവുകാരെ കൈമാറ്റം ചെയ്യൽ കരാറനുസരിച്ചാണ് സിൻവാർ തിരികെ ഗാസയിൽ എത്തിയത്.
അറബ് ഗവൺമെന്റുകളുമായുള്ള ഹമാസിന്റെ രാഷ്ട്രീയ പോരാട്ടമാണ് ഹനിയ നയിക്കുന്നതെന്ന് ഖത്തർ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ കാര്യങ്ങളിൽ വിദഗ്ധനായ അദീബ് സിയാദെ പറഞ്ഞു. ഗ്രൂപ്പിലെയും സൈനിക വിഭാഗത്തിലെയും കൂടുതൽ ഉന്നത വ്യക്തികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഹനിയ ഹമാസിന്റെ രാഷ്ട്രീയ നയതന്ത്ര മുന്നണിയാണ്- സിയാദെ പറഞ്ഞു.
വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥ പങ്കുവഹിച്ച ഈജിപ്തിലെ ഉദ്യോഗസ്ഥരുമായി ഹനിയയും ഖാലിദ് മിഷ്അലും കൂടിക്കാഴ്ച നടത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖംനഈയെ കാണാൻ ഹനിയെ നവംബർ ആദ്യം ടെഹ്റാനിലേക്ക് പോയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
1962-ലാണ് ഹനിയ ജനിച്ചത്. ഗാസ അഭയാർത്ഥി ക്യാമ്പായ അൽ-ഷാതിയിലായിരുന്നു ഹനിയയുടെ വീട്. ഈ വീട്ടിൽ നവംബർ പതിനാറിന് ഇസ്രായിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഈ വീട് ഹമാസിന്റെ മുതിർന്ന നേതാക്കളുടെ മീറ്റിംഗ് പോയിന്റാണ് എന്നായിരുന്നു ഇസ്രായിൽ ആരോപണം. ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസിന്റെ അടുത്ത അനുയായി പിന്നീട് ഹനിയ മാറി.
ഏകാധിപതികൾക്കും സ്വേച്ഛാധിപതികൾക്കും മുന്നിൽ മുട്ടുമടക്കരുത് എന്ന് ഞങ്ങൾ പഠിച്ചത് അഹമ്മദ് യാസിന്റെ അടുത്തുനിന്നായിരുന്നുവെന്ന് ഒരിക്കൽ ഹനിയ പറഞ്ഞു. ഏതാണ്ട് പൂർണമായും തളർന്നുപോയ അഹമ്മദ് യാസീനൊപ്പം ഏത് സമയത്തും ഹനിയ ഉണ്ടായിരുന്നു. ‘ഇസ്ലാമിനോടുള്ള സ്‌നേഹവും ഇസ്ലാമിന് വേണ്ടിയുള്ള ത്യാഗവും ഞങ്ങൾ പഠിച്ചത് അഹമ്മദ് യാസീനിൽനിന്നായിരുന്നുവെന്ന് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലും ഹനിയ പറഞ്ഞു. 2004ലാണ് യാസിനെ ഇസ്രായിൽ കൊലപ്പെടുത്തിയത്.
ഹമാസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്റെ ആദ്യകാല വക്താവായിരുന്നു ഹനിയ. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് ‘ഉയരുന്ന സംഭവവികാസങ്ങളെ നേരിടാൻ ഹമാസിനെ പ്രാപ്തമാക്കും എന്നായിരുന്നു ഹനിയ പറഞ്ഞത്. തുടക്കത്തിൽ ഇത് അംഗീകരിക്കാൻ ഹമാസ് തയ്യാറായില്ല. എന്നാൽ പിന്നീട് രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇസ്രായിൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം 2006-ൽ ഫലസ്തീൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ഇസ്മായിൽ ഹനിയ പ്രധാനമന്ത്രിയാകുകയും ചെയ്തു. 2007ൽ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തു. ഹമാസ് സായുധ പോരാട്ടം ഉപേക്ഷിച്ചോ എന്ന് റോയിട്ടേഴ്സ് റിപ്പോർട്ടർമാർ 2012-ൽ ചോദിച്ചപ്പോൾ, ‘തീർച്ചയായും ഇല്ല’ എന്ന് മറുപടി നൽകിയ ഹനിയ, എല്ലാ രൂപത്തിലും പോരാട്ടം തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചത്. മൂന്നു മക്കളെയും മൂന്നു പേരക്കുട്ടികളെയും ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയപ്പോഴും പോരാട്ടം തുടരുമെന്ന പ്രഖ്യാപനം തന്നെയാണ് ഹനിയ്യ നടത്തിയത്. ഇന്ന് ടെഹ്റാനിൽ വെച്ച് മരിക്കുന്നതുവരെ ഫലസ്തീന് വേണ്ടിയുള്ള പോരാട്ടത്തിൽ തന്നെയായിരുന്നു ഇസ്മായിൽ ഹനിയ്യ.