ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ സാക്ഷരത എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്– ഐ.ടി. മന്ത്രാലയം ഒരുങ്ങുകയാണ്. ഇതിനായി മന്ത്രാലയം ആരംഭിച്ച “YUVA AI for ALL” പദ്ധതി ഇപ്പോൾ രാജ്യത്ത് വലിയ ശ്രദ്ധ നേടുകയാണ്. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാവർക്കും പരിചയപ്പെടുത്തുക, അതിന്റെ അടിസ്ഥാനങ്ങൾ എളുപ്പത്തിൽ പഠിപ്പിക്കുക’ ഈ ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പദ്ധതി അവതരിപ്പിച്ചത്.
ഈ പരിശീലനത്തിൽ ചേരാൻ പ്രായമോ, പരീക്ഷാ യോഗ്യതയോ, തൊഴിൽ പശ്ചാത്തലമോ ഒരു തടസ്സമേയല്ല. ആകെ നാലര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ പ്രോഗ്രാം വെറും ആറ് മൊഡ്യൂളുകളിലൂടെ നിങ്ങൾക്ക് പൂർത്തിയാക്കാം.പഠനം പൂർണമായും സൗജന്യമാണ്. സ്വയം പഠിക്കാവുന്ന self-paced മോഡിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തർക്കും സൗകര്യമുള്ള വേഗത്തിൽ പഠനം പൂർത്തിയാക്കുകയും ചെയ്യാം.
FutureSkills Prime, iGOT Karmayogi ഉള്‍പ്പെടെ നിരവധി ദേശീയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കോഴ്സ് ലഭ്യമാകുന്നത്.പഠനം പൂർത്തിയാക്കിയാൽ കേന്ദ്ര സർക്കാറിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും. തൊഴിൽ മേഖലകളിലും വിദ്യാഭ്യാസ രംഗത്തും വൻ മാറ്റങ്ങളാണ് എ ഐ ഉപയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ 1 കോടി പേരെ എ.ഐ. അടിസ്ഥാന അറിവുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യം.
ടെക്‌നോളജി എല്ലാവർക്കും ലഭ്യമാകുന്ന, ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള വലിയ ചുവടുവെപ്പായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.



