- രാഹുൽ എല്ലാവർക്കും സ്വീകാര്യനെന്ന് ഇന്ത്യാ മുന്നണി നേതാക്കൾ
ന്യൂഡൽഹി – കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എല്ലാവർക്കും സ്വീകാര്യനാണെന്നും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ഇന്ത്യ മുന്നണി നേതാക്കൾ.
രാഹുൽ ദേശീയ നേതാവാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തും രാഹുൽ എല്ലാവർക്കും സ്വീകാര്യനാണെന്ന് എൻ.സി.പി, ആർ.ജെ.ഡി പാർട്ടികളുടെ നേതാക്കളും പ്രതികരിച്ചു. രാഹുലിന്റെ നയതന്ത്രവും വിശ്രമമില്ലാത്ത പോരാട്ടവുമാണ് ഇന്ത്യ മുന്നണിയുടെ തിളക്കമെന്നും വിവിധ നേതാക്കൾ ചുണ്ടിക്കാട്ടി.
അതിനിടെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേർന്ന് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുമെന്നും റിപോർട്ടുകളുണ്ട്. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിക്കകത്തും ഘടകകക്ഷികളിൽ പുറത്തും ശക്തമാണ്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം, വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഏത് മണ്ഡലം നിലനിർത്തണം എന്നി കാര്യങ്ങളിലും പാർട്ടി ചർച്ച നടത്തുമെന്നാണ് വിവരം.
പാർലമെൻററി പാർട്ടി യോഗത്തിന് മുന്നോടിയായി കോൺഗ്രസ് വിശാല പ്രവർത്തക സമിതി യോഗവും ചേരും. പ്രതിപക്ഷ നേതൃ പദവിക്ക് പാർട്ടിയിൽ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ പറഞ്ഞു. കാർത്തി ചിദംബരം, മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും രാഹുൽ പ്രസ്തുത ദൗത്യം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.