ന്യൂഡൽഹി: പുതിയ സർക്കാർ രൂപീകരണത്തിന്റെ മുന്നോടിയായി പാർല്ലമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻ.ഡി.എ ഘടകകക്ഷി പാർട്ടികളുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേതാവായി തെരഞ്ഞെടുത്തു. മുതിർന്ന ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങാണ് മോഡിയുടെ പേര് നിർദേശിച്ചത്. അമിത് ഷാ പിന്താങ്ങി.
എൻ.ഡി.എയിലെ മറ്റു കക്ഷികളുമായി സമവായത്തിലൂടെ മുന്നോട്ടു പോകുമെന്നും ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സഖ്യമാണ് എൻ.ഡി.എയെന്നും പാർലമെന്ററി പാർട്ടിയോഗത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോഡി പറഞ്ഞു.
ചടങ്ങിൽ പ്രതിപക്ഷത്തെയും മോഡി കടന്നാക്രമിച്ചു. ഇവിഎം മെഷീനിലെ വിശ്വാസ്യത്തെ പറ്റി ഇപ്പോൾ ആരും മിണ്ടുന്നില്ല. വോട്ടിംഗ് യന്ത്രത്തിലെ ഭയം ഇപ്പോൾ അവർക്ക് മാറിയെന്നും പരിഹസിച്ചു.
എൻ.ഡി.എ ഒരു കുടുംബമാണെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയുടെ പേര് നിർദേശിച്ച രാജ്‌നാഥ് സിങ് പറഞ്ഞു. മുഴുവൻ സമയവും എൻ.ഡി.എയ്ക്ക് ഒപ്പമുണ്ടാകുമെന്ന് ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസമർപ്പിച്ചുവെന്നും നഷ്ടമായ സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും ചന്ദ്രബാബു നായിഡുവും പറഞ്ഞു. വേദിയിൽ മോഡിക്ക് ഒപ്പമായിരുന്നു ഇരുവരുടെയും സ്ഥാനം. യോഗശേഷം പിന്തുണ കത്തുമായി നേതാക്കൾ രാഷ്ട്രപതിയെ കാണും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group