കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ സര്‍വനാശം വിതച്ച ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍നിന്നു 1,983 മീറ്റര്‍ ഉയരത്തിലുള്ള മലത്തലപ്പില്‍. ചൂരല്‍മലയില്‍നിന്നും അഞ്ച് കിലോമീറ്റര്‍ ആകാശദൂരത്തില്‍ സമുദ്രനിരപ്പില്‍നിന്നു 1,145 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടിയ പുഞ്ചിരിമട്ടം ചോലവനമെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ മുന്‍ ഓഫീസര്‍ പി.യു. ദാസ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനിടയില്‍ പെയ്ത അതിശക്തമായ മഴ ഉരുള്‍പൊട്ടലിനു കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 29ന് 200. 22 ഉം 30ന് 377 ഉം മില്ലിമീറ്റര്‍ മഴയാണ് വയനാട്, കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലുള്ള മുണ്ടക്കൈ മലത്തലപ്പില്‍ വര്‍ഷിച്ചത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലമുടികളായ വെള്ളരിമല, എളമ്പിലേരിമല എന്നിവ മുണ്ടക്കൈ മലയുടെ ഇടതും വലതുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പടിഞ്ഞാറന്‍ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കന്‍ ചരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്കു പ്രദേശമാണ്. ഇവ രണ്ടും ചാലിയാറിലാണ് എത്തുന്നത്.
*കുത്തിയൊഴുകിയത് മലത്തലപ്പ് പുറംതള്ളിയ വെള്ളം
മഴവെള്ളമിറങ്ങി കുതിര്‍ന്ന മലത്തലപ്പ് പുറംതള്ളിയ വെള്ളമാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും കുത്തിയൊഴുകിയത്. ഉരുള്‍പൊട്ടലിന്റെ പ്രഭവസ്ഥാനത്തിനുചുറ്റും നിബിഡവനമാണ്. കളിമണ്ണ് കലര്‍ന്ന കറുത്ത ലാറ്ററൈറ്റ് മണ്‍തരമാണ് മലയിലേത്. സ്വാഭാവികവനത്തില്‍ സോയില്‍ പൈപ്പിംഗും ചെറുസുഷിരനാളികള്‍ വഴിയുള്ള ജലനിര്‍ഗമനവും ഉണ്ടാകും.തീവ്രമഴയില്‍ മണ്‍പാളികളുടെ ചലനം വേഗത്തിലാകും. മലയില്‍നിന്നുള്ള തോടിന് ചരിവും നീളവും കൂടുതലുള്ളത് ആഘാതം വര്‍ധിപ്പിച്ചു. 4.2 കിലോമീറ്ററാണ് തോടിനു നീളം. 25 മുതല്‍ 80 വരെ ശതമാനമാണ് ചരിവ്. വളവുകളും ചിലയിടത്തെ ആഴക്കുറവും തോട് ഗതിമാറുന്നതിന് ഇടയാക്കി. ഇത് ജനവാസ മേഖലയില്‍ സര്‍വനാശത്തിന് കാരണമായെന്ന് പി.യു. ദാസ് പറഞ്ഞു.