കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ എം.പിയുമായ കെ സുധാകരന്റെ വീട്ടിൽ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടിൽ കൂടോത്രം നടത്തിയതെന്നാണ് ആരോപണം. വീട്ടിൽനിന്ന് നിരവധി വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.
എം.പിയെന്ന നിലയിൽ പോലീസ് സുരക്ഷയുള്ള ഈ വീടിന്റെ കന്നിമൂലയിൽനിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്. അതിനിടെ, കെ സുധാകരന്റെ കണ്ണൂരിലെ വസതിയിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യമെന്നുമുള്ള സുധാകരന്റേതെന്ന് കരുതുന്ന ശബ്ദസംഭാഷണവും പുറത്തുവന്നിട്ടുണ്ട്. കണ്ണൂരിലെ വീട്ടിൽനിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒന്നര വർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് സുധാകരൻ ഉണ്ണിത്താനോട് പറയുന്നതും തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. ഒരു കിഴിയിൽ ആൾരൂപവും തകിടുകളിൽ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്.
ഇതിന് പുറമെ, ഇന്ദിരാഭവനിലെ കെ.പി.സി.സി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡൽഹിയിലെ നർമ്മദ ഫ്ളാറ്റിലും തകിടുകൾ കണ്ടെടുത്തതായും റിപോർട്ടുകളുണ്ട്.
സംഭവം വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും വിവിധ പാർട്ടി നേതാക്കളും പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ദൃശ്യങ്ങൾ പഴയതാണെന്നും തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നുമാണ് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ രാജ്മോഹൻ ഉണ്ണിത്താനോട് ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group