ബെംഗളൂരു: കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി വലിയ പറമ്പത്ത് അശോകൻ-ധന്യ ദമ്പതികളുടെ മകൾ അശ്വതി(20)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷത്തോളമായി കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കഫെയിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. കഴിഞ്ഞദിവസം രാവിലെ ആറോടെയാണ് അശ്വതിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ പ്രദേശവാസികൾ ഓടിയെത്തി വാതിൽ തകർത്ത് അകത്ത് കടന്ന് അശ്വതിയെ താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം ചിക്കജാല സ്റ്റേഷൻ പരിധിയിലെ യെലഹങ്ക ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതായും പോലീസ് പറഞ്ഞു.
മൃതദേഹം ഉടനെ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബെംഗളൂരുവിലെത്തിയ ബന്ധുക്കൾ പറഞ്ഞു. അശ്വന്ത്, ആരാധ്യ എന്നിവർ സഹോദരങ്ങളാണ്.