മലപ്പുറം: വിദ്യഭ്യാസ വിചക്ഷണനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂർ ടി മുഹമ്മദ് മൗലവിയുടെ പേരിലുള്ള എൻഡോവ്‌മെന്റ് ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിക്ക്. ജൂൺ മൂന്നിന് ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം കൈമാറുമെന്ന് കൊളത്തൂർ മൗലവി എജ്യുക്കേഷനൽ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ പരിഗണിച്ചാണ് ബഹാവുദ്ദീൻ നദ്‌വിയെ എൻഡോവ്‌മെന്റിന് പരിഗണിച്ചത്. ചെമ്മാട് ദാറുൽ ഹുദയെ ലോകോത്തര നിലവാരമുള്ള ജ്ഞാനശാലയായി ഉയർത്തുന്നതിന് നേതൃപരമായ ഇടപെടലുകൾ നടത്തിയ നദ്‌വി, ഇന്ത്യയിലെ വിവിധ മതവിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ ക്രിയാത്മക ഇടപെടലുകൾ നടത്തി മതഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിച്ച മതപണ്ഡിതൻ കൂടിയാണെന്ന് ട്രസ്റ്റ് ചെയർമാൻ കെ.പി.എ മജീദ് എം.എൽ.എയും കൺവീനർ സലീം കുരുവമ്പലവും അറിയിച്ചു.
ചടങ്ങിൽ ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, എം.പി അബ്ദുസ്സമദ് സമദാനി തുടങ്ങിയവരും പങ്കെടുക്കും.
സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും തമ്മിലുള്ള ശീതസമരത്തിനിടെ സമസ്തയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ബഹാവുദ്ദീൻ നദ്‌വിക്കുള്ള എൻഡോവ്‌മെന്റ് സമർപ്പണ ചടങ്ങ് അദ്ദേഹത്തിനുള്ള ലീഗിന്റെ പ്രത്യക്ഷ പിന്തുണയായി മാറുമെന്നാണ് കരുതുന്നത്. സമസ്തയുടെ മുശാവറ ചേരുന്നതിന് മുമ്പുതന്നെ നദ്‌വിക്കുള്ള പരസ്യ ഐക്യദാർഢ്യം കൂടിയാകും പരിപാടി. പരിപാടിയിൽ നദ്‌വിയും ലീഗ് നേതാക്കളും തങ്ങളുടെ നിലപാട് കൂടുതൽ വ്യക്തമാക്കാനും സാധ്യതയുണ്ട്.
സമസ്തയിൽ ചിലർ ഇടതുപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുപ്രഭാതം പത്രത്തിന് നയംമാറ്റവുമുണ്ടായെന്നും പത്രത്തിന്റെ ചീഫ് എഡിറ്റർ കൂടിയായ നദ്‌വി പറഞ്ഞിരുന്നു. സുപ്രഭാതത്തിന്റെ നടത്തിപ്പിൽ വിയോജിപ്പുണ്ടെന്നും കൂടുതൽ കാര്യങ്ങൾ സമസ്ത മുശാവറയിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group