റിയാദ്- എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ ശമീര്‍ അലിയാരെ (48) കൊലപ്പെടുത്തിയത് മോഷ്ടാക്കളെന്ന് സംശയം. ശമീർ അലിയാരുടെ പണവും മൊബൈലും കാറും നഷ്ടമായി. ശമീറിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് വിവരം.
ശുമൈസിയിലെ താമസസ്ഥലത്താണ് ശമീർ അലിയാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെ.എം.സി.സി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീർ. ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തനിച്ചാണ് താമസം. തുടര്‍ന്ന് ശുമൈസി പോലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പോലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
കൊലപാതകികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മലയാളി സമൂഹം കനത്ത ഞെട്ടലോടെയാണ് ശമീർ അലിയാരുടെ കൊലപാതക വിവരത്തോട് പ്രതികരിച്ചത്. കെ.എം.സി.സിയുടെ പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു ശമീർ. ശമീറുമൊത്തുള്ള നിരവധി ചിത്രങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.