ജിസാൻ- കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 17-ാമത് ഏകദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ റിയൽ എഫ്‌സി ജിസാൻ കിരീടം ചൂടി. ജിസാൻ മഹ്ബൂജ് ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ, എതിരില്ലാത്ത ഒരു ഗോളിന് യുണൈറ്റഡ് എഫ്‌സി സനായിയ്യയെ കീഴടക്കിയാണ് റിയൽ എഫ്‌സി ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച പ്രതിരോധ താരമായി യുണൈറ്റഡ് എഫ്‌സിയുടെ ശമീമിനെയും മികച്ച ഗോൾ കീപ്പറായി റിയൽ എഫ്‌സിയുടെ ആഷിഖിനെയും തിരഞ്ഞെടുത്തു. റിയൽ എഫ്‌സിയുടെ അക്മൽ മികച്ച കളിക്കാരനായും റിനി ടോപ്പ് സ്‌കോററായും തിരഞ്ഞെടുക്കപ്പെട്ടു.


ജിസാനിലെ പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ആരംഭിച്ചത്. സൗദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ കിക്കോഫ് നിർവഹിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. കെഎംസിസി സൗദി സെക്രട്ടറി ഹാരിസ് കല്ലായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജസ്‌മൽ വളമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ സിറാജ് പുലുരാംമ്പാറ സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി സലാം പെരുമണ്ണ നന്ദിയും രേഖപ്പെടുത്തി. കെഎംസിസി നേതാക്കളായ ഷംസു പൂക്കോട്ടൂർ, മുനീർ ഹുദവി, ഡോ. മൻസൂർ നാലകത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വിജയികളായ റിയൽ എഫ്‌സി ജിസാന് ജമ്പരിക്കോ സ്പോൺസർ ചെയ്ത 5001 റിയാൽ പ്രൈസ് മണിയും ഷിഫ ജിസാൻ പോളിക്ലിനിക്ക് നൽകിയ വിന്നേഴ്‌സ് ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ യുണൈറ്റഡ് എഫ്‌സിക്ക് ഫറൂജ് ഹംദ സ്പോൺസർ ചെയ്ത 2001 റിയാൽ പ്രൈസ് മണിയും ദുബായ് സെന്റർ നൽകിയ ട്രോഫിയും കൈമാറി. വ്യക്തിഗത മികവ് പുലർത്തിയവർക്കുള്ള ട്രോഫികളും മെഡലുകളും കെഎംസിസി ഭാരവാഹികൾ വിതരണം ചെയ്തു. വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ടൂർണമെന്റിന്റെ വിജയത്തിനായി നേതൃത്വം നൽകി.



