- അൻവർ മുഖ്യമന്ത്രിക്കു നേരെ ചൂണ്ടിയത് വിരൽ അല്ല, തോക്കാണെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി
കൽപ്പറ്റ: എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി അടക്കമുള്ളവർക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ച നിലമ്പൂർ എം.എൽ.എ പി.വി അൻവർ സൂക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം ഷാജി.
അൻവർ തന്നെ കുറ്റപ്പെടുത്തിയ ആളാണ്. എങ്കിലും പറയുന്നു, നന്നായി സൂക്ഷിക്കണം. അൻവർ കളിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടും പി ശശിയും ഉന്നത പോലീസ് സംഘത്തോടുമാണെന്നും തന്റെ ദുരനുഭവത്തിന്റെ വെളിച്ചത്തിലാണിത് ഓർമിപ്പിക്കുന്നതെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ഭരണകക്ഷി എം.എൽ.എയാണ് അഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ പോലീസിനെ സാക്ഷിനിർത്തി തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് വേണമെന്നും പറയുന്നത്. പി.വി അൻവർ മുഖ്യമന്ത്രിക്കു നേരെ ചൂണ്ടിയത് വിരൽ അല്ല, തോക്കാണെന്നും കെ.എം.ഷാജി ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ മുഖ്യമന്ത്രിയായതു മുതൽ കക്കാനും മുക്കാനും കൊള്ളയടിക്കാനും എതിരാളികളെ ഇല്ലാതാക്കാനുമായി വലിയ മാഫിയ സംഘത്തെ രൂപീകരിച്ചു. അതിന്റെ തലവൻമാരാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറും പി ശശിയും. ബി.ജെ.പി സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥന്മാരെ പ്രേരിപ്പിക്കുന്നതടക്കം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് അൻവർ പറയുന്ന എല്ലാ കാര്യങ്ങളും എത്തിയിരിക്കുന്നത്. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് തൃശൂർ പൂരം കലക്കിയതെന്ന് അൻവർ തന്നെ സാക്ഷ്യപ്പെടുത്തിയല്ലോ. അത് സുരേഷ് ഗോപിക്കു വേണ്ടിയായിരുന്നു. മുഖ്യമന്ത്രിക്ക് മകൾ വീണയെ വേണോ എൽ.ഡി.എഫിന് തൃശൂർ വേണോ എന്നതായിരുന്നു ചോദ്യം. ഒടുവിൽ മുഖ്യമന്ത്രിക്കു മകളെ കിട്ടി, തൃശൂർ പോയി. വീണക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം എന്ന് നിരന്തരം വന്ന വാർത്തയെക്കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. സമീപകാല ചർച്ചകളിലൊന്നും മുഖ്യമന്ത്രിയുടെ മകളുമില്ലെന്നും ഷാജി ഓർമിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ ചോർത്തുന്നുവെന്ന് പറയുമ്പോൾ അത് എത്രമാത്രം ഗൗരവതരമാണ്? അൻവർ പറയുന്നതുപോലെ ഒരു അജിത്തിലോ ശശിയിലോ നിൽക്കുന്ന കാര്യമല്ലിത്. ഇതിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുമ്പ് ഇക്കാര്യം പറഞ്ഞതിന് ഞാൻ വേട്ടയാടപ്പെട്ടു. ഇപ്പോൾ അവരുടെ കൂട്ടത്തിൽനിന്നുതന്നെ പറയുന്നു: തന്റെ ജീവന് ഭീഷണിയുണ്ടെന്ന്. എന്താണിത് വ്യക്തമാക്കുന്നത്?
മുഖ്യമന്ത്രിയുടെ അത്രമേൽ വിശ്വസ്തനായ ഒരാളെ പോയി തൊടാൻ മാത്രം വിഡ്ഢിയല്ല അൻവർ. അൻവറിന്റെ പുറകിൽ ഒരാളല്ല ഉള്ളത്. മുഖ്യമന്ത്രിയുടെ ഓരോ വിദേശയാത്രയും പരിശോധിക്കണം. മുഖ്യമന്ത്രി കൂടെ കൊണ്ടുപോയത് അൻവർ പറഞ്ഞ ക്രിമിനലുകളെയാണ്. ചീഫ് സെക്രട്ടറിയുടെ അനുമതി പോലും ഇല്ലാതെയാണ് എ.ഡി.ജി.പിയേയും കൊണ്ട് മുഖ്യമന്ത്രി വിദേശയാത്രക്കു പോയത്. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമിയുടെ തിരോധാനത്തിലും അജിത്കുമാറിനു പങ്കുണ്ടെന്നും കെ.എം ഷാജി ആരോപിച്ചു.