കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തെ വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.കെ ലതികയ്‌ക്കെതിരെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയും വടകരയിലെ ഇടത് സ്ഥാനാർത്ഥിയുമായ കെ.കെ ശൈലജ ടീച്ചർ.
കാഫിർ സ്‌ക്രീൻഷോട്ട് കെ.കെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്നും അത് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടിയെന്നും ശൈലജ ടീച്ചർ പറഞ്ഞു. അത്തരമൊരു സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്യേണ്ടായിരുന്നു എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഇനി ഷെയർ ചെയ്തതാണോ ഏറ്റവും വലിയ അപരാധം. അതോ സ്‌ക്രീൻ ഷോട്ട് നിർമിച്ചതോ. എന്തായാലും നിർമിച്ചത് ആരാണ് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കട്ടെ. ഒപ്പം തനിക്കെതിരേ വന്ന മറ്റ് ആരോപണങ്ങളും അന്വേഷിച്ച് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയുണ്ടാകണം.
കാഫിർ പോസ്റ്റ് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർത്ഥ ഇടത് ചിന്താഗതിക്കാർ ഇത് ചെയ്യില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിർ പോസ്റ്റ് മാത്രമല്ല, കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചാരണവും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കാഫിർ പ്രചാരണം സി.പി.എമ്മിന്റെ ഭീകര പ്രവർത്തനമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്കുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, അങ്ങനെയെങ്കിൽ കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനമാണെന്നായിരുന്നു മറുപടി.