- മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞുകൊണ്ട് തുന്നിച്ചേർത്ത നാടാണിത്
കോഴിക്കോട്: വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റം തുടരവേ ഹൃദയഹാരിയായ കുറിപ്പുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. ‘ചിരി മായാതെ മടങ്ങൂ ടീച്ചർ’ എന്ന തലക്കെട്ടിൽ കെ.കെ ശൈലജയ്ക്ക് ഒപ്പമുള്ള ഫോട്ടോ സഹിതമാണ് രമയുടെ ഫേസ്ബുക്കിലൂടെയുള്ള കുറിപ്പ്.
‘മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരേയും ചേർത്തുപിടിച്ച നാടാണിത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തുപിടിച്ച് യാത്രയാക്കുകയാണെന്നും രമ വ്യക്തമാക്കി.
വോട്ടെണ്ണൽ അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ സിപി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജയേക്കാൾ ഒരുലക്ഷത്തിലേറെ വോട്ടുകൾക്കാണ് കോൺഗ്രസിലെ യുവതുർക്കി ഷാഫി പറമ്പിൽ ലീഡ് ചെയ്യുന്നത്.
കെ.കെ രമയുടെ എഫ്.ബി കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
ചിരി മായാതെ മടങ്ങൂ ടീച്ചർ..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കിവെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ??..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തുപിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞുകൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ.കെ.രമ