ദുബൈ : വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 5 മില്യൺ(11.5 കോടി രൂപ )നഷ്ട പരിഹാരം വിധിച്ച് ദുബൈ കോടതി. മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മറിൻ്റെ മകന്‍ ഷിഫിന്‍ എന്ന യുവാവിന് അനുകൂലമായ കോടതി വിധി ഉണ്ടായത്. വാഹനാപകടത്തില്‍ 5 മില്യണ്‍ ദിര്‍ഹം നഷ്ട പരിഹാരം ലഭിക്കുന്ന യു.എ.ഇയിലെ രണ്ടാമത്തെ കേസാണിത്. രണ്ടു റെക്കോര്‍ഡ് നേട്ടങ്ങള്‍ നേടിയെടുത്തതും ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ്. 2022 മാര്‍ച്ച് 26 നാണ് കേസിനാധാരമായ അപകടമുണ്ടായത്.
അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ സൗദിയിൽ പ്രവാസിയായ പിതാവിന് ഒരു കൈതാങ്ങായാണ് മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മര്‍-ജമീല ദമ്പതികളുടെ മകന്‍ ഷിഫിന്‍ പ്രവാസ ലോകത്തേക്ക് എത്തുന്നത്. അല്‍ ഐനിലെ ഒരു ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെറു പ്രായത്തില്‍ തന്നെ ജോലിക്ക് കയറിയതാണ് ഷിഫിന്‍. ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഈ 22-കാരനെ ഒരു സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ ഷിഫിന് കാര്യമായ പരിക്കേറ്റു. അപകടം നടന്നയുടനെ കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സി.സി.ടി.വി സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. ഉടനെ തന്നെ ഷിഫിന് അല്‍ ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ ചികിത്സ നല്‍കിയിരുന്നെങ്കിലും തലക്ക് കാര്യമായ പരിക്കേറ്റിരുന്നു. ഏക മകന്റെ ദാരുണമായ അപകടത്തിന്റെ വിവരമറിഞ്ഞ പിതാവ് സൗദിയിലെ ജോലിയും വിട്ട് അല്‍ ഐനിലെ ആശുപത്രിയില്‍ എത്തിയിരുന്നു.
രണ്ടാഴ്ച്ചത്തെ ചികിത്സക്ക് ശേഷം അല്‍ ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അല്‍ ഐനിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിതാവ് ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിന് പുറത്ത് കാവലിരുന്നു. തലച്ചോറിനേറ്റ പരിക്ക് മൂലം യുവാവിന്റെ പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതായി ഡോക്ടർമാർ വിധിയെഴുതി. ഇതോടെ അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനയും യുഎഇയിലെ ചികിത്സയുടെയും ഫലമെന്നോണം ഷിഫിന്‍ ശിരസ്സ് ഇളക്കാന്‍ തുടങ്ങി. ഇതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഷിഫിന്റെ ദാരുണമായ അപകടത്തിന്റെ കേസ് ഷാര്‍ജ ആസ്ഥാനമായ ഫ്രാന്‍ ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഈസാ അനീസ്, അഡ്വ. യു.സി. അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസില്‍ എന്നിവര്‍ കേസ് ഏറ്റെടുക്കുകയായിരുന്നു. ദുബൈ കോടതിയില്‍ നടന്ന കേസിനെ തുടര്‍ന്ന് ഷിഫിന്റെ നിലവിലെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇന്‍ഷുറന്‍സ് അതോറിറ്റി കോര്‍ട് ഷിഫിന് നഷ്ടപരിഹാരമായി 2.8 മില്യണ്‍ വിധിച്ചിരുന്നു, എങ്കിലും ഷിഫിന്റെ ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതല്‍ തുക ലഭിക്കാനുള്ള കേസുമായി ഷിഫിന്റെ അഭിഭാഷകര്‍ മുന്നോട്ടു പോവുകയായിരുന്നു.
തുടര്‍ന്നുള്ള അപ്പീല്‍ കോടതി നിയമ നടപടികളിലൂടെ നഷ്ടപരിഹാര തുക 5 മില്യണ്‍ ദിര്‍ഹം ആക്കി ഉയര്‍ത്തി എടുക്കുകയും പിന്നീട് ഒന്നാം ഘട്ട സുപ്രീം കോര്‍ട്ട് വിധി, രണ്ടാം ഘട്ട അപ്പീല്‍ കോടതി വിധി, രണ്ടാം ഘട്ട സുപ്രീം കോടതി വിധി, എന്നിവയിലൊക്കെയും 5 മില്ല്യന്‍ എന്ന ജഡ്ജ്‌മെന്റ് നില നിര്‍ത്തുകയും ചെയ്തു. അഞ്ച് മില്യണ്‍ ദിര്‍ഹം നഷ്ട പരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. ഇതിന് മുമ്പ് ദുബൈ റാഷിദിയയിലുണ്ടായ ഒമാന്‍ ബസ്സപകടത്തില്‍ ഇരയായ ഇന്ത്യന്‍ യുവാവിന് സുപ്രീം കോടതി 5 മില്യണ്‍ ദിര്‍ഹം നഷ്ട പരിഹാരം വിധിച്ചിരുന്നു. ഈ കേസിലും ഫ്രാന്‍ ഗള്‍ഫ് അഡ്വക്കേറ്റ്സാണ് നിയമ സഹായം നല്‍കിയത്. ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ്അല്‍വര്‍ദയുടെ മേല്‍നോട്ടത്തില്‍ യുഎഇയിലെ അഭിഭാഷകരായ അഡ്വ. ഹസ്സന്‍ അശൂര്‍ അല്‍മുല്ല, അഡ്വ.ഫരീദ്അല്‍ ഹസ്സന്‍ എന്നിവരാണ് ഇന്‍ഷുറന്‍സ് അതോറിറ്റി മുതല്‍ വിവിധ കോടതികളില്‍ നടന്ന കേസുകള്‍ക്കു വിവിധ ഘട്ടങ്ങളില്‍ ഹാജരായത്.