തിരുവന്തപുരം– 2025-26 സാമ്പത്തിക വർഷത്തെ മേജർ, മൈനർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിതാ കമ്മീഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. വനിതാ കമ്മീഷൻ എല്ലാ സാമ്പത്തിക വർഷത്തിലും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണ പഠനങ്ങൾ നടത്താറുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന ശിപാർശകൾ തുടർ നടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കാറുമുണ്ട്. കമ്മീഷൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ തൃപ്തികരമായ പ്രൊപോസൽ സമർപ്പിക്കുന്ന വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ആണ് ഗവേഷണം നടത്താൻ അനുമതി നൽകുക.
മേജർ ഗവേഷണ പഠനത്തിന് 2 ലക്ഷം രൂപയാണ് അനുവദിക്കുക. ഗവേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള കാലാവധി 8 മാസമാണ്. അതേസമയം, മൈനർ ഗവേഷണ പഠനത്തിന് 1 ലക്ഷം രൂപയാണ് അനുവദിക്കുക. ഗവേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള കാലാവധി 4 മാസവുമാണ്. കമ്മീഷന്റെ സൈറ്റിൽ നിന്നും ലഭ്യമാകുന്ന നിശ്ചിത അപേക്ഷ ഫോമിൽ കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഡോക്ടറൽ അല്ലെങ്കിൽ പോസ്റ്റ് ഡോക്ടറൽ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഇത്തരത്തിലുള്ള അപേക്ഷകർ ഇല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷ സമർപ്പിക്കാം.
ഗവേഷണ വിഷയങ്ങൾ, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ www.keralawomenscommission.gov.in ൽ ലഭ്യമാണ്. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകൾ ഓഗസ്റ്റ് 6 വൈകിട്ട് 5 നകം വനിതാ കമ്മീഷന്റെ ഓഫീസിൽ ലഭ്യമാക്കണം. പ്രൊപ്പോസലിന്റെ സേഫ്റ്റ് കോപ്പി [email protected] ൽ ഇമെയിലായും അയയ്ക്കണം.