തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാർഖണ്ഡിനും മുകളിലായി പുതിയ ന്യൂനമർദ്ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിലുള്ളത് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് മണിക്കൂറിനകം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group