തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തിയും തെക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാലകളും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 8.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യതയുള്ളത്. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group