കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിപ്പിച്ച ‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി.പി ദുൽഖിഫിലിന്റെ പരാതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തോടന്നൂർ ഉപജില്ലാ വിദ്യാഭ്യസ ഓഫീസർക്കാണ് അന്വേഷണ ചുമതല. തോടന്നൂർ ആറങ്ങോട് എം.എൽ.പി സ്‌കൂളിലെ അധ്യാപകനായ റിബേഷ് ഡി.വൈ.എഫ്.ഐ നേതാവ് കൂടിയാണ്. സർവീസ് ചട്ടം ലംഘിച്ചു, മതസ്പർധ വളർത്തുന്ന രീതിയൽ പ്രവർത്തിച്ചു തുടങ്ങിയ പരാതികളാണ് റിബേഷിനെതിരേ ഉയർന്നത്.
‘കാഫിർ’ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു. എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിമിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടലുണ്ടായത്.
അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങൾക്ക് എതിർപ്പില്ലെന്നും ഏത് ദിശയിൽ വേണമെങ്കിലും അന്വേഷണം നടത്താമെന്നും പറഞ്ഞ കോടതി, വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിൽ അത് പൂർണമായും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുകയുണ്ടായി.
ലോകസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നതോടെ വടകരയിൽ പ്രചാരണത്തിൽ വൻ ഓളമുണ്ടായിരുന്നു. ഇതിനെ അതിജയിക്കാനെന്നോണം വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാനുള്ള ഗുഢ പദ്ധതിയുടെ ഭാഗമായാണ് ‘കാഫിർ’ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതെന്നും ഇതിന് പിന്നിൽ സി.പി.എം സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ പ്രചാരണം.
ഈ വ്യാജ സ്‌ക്രീൻ ഷോട്ട് ഉപയോഗപ്പെടുത്താനാകുമെന്നു കരുതി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ലതിക അടക്കമുള്ള ഇടത് നേതാക്കളും പ്രവർത്തകരുമെല്ലാം സമൂഹമാധ്യമത്തിൽ ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു. ഒപ്പം ഈ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ലീഗ് കേന്ദ്രങ്ങളാണെന്നും സി.പി.എം പ്രചാരണമുണ്ടായി. ഇതിന്റെ പേരിൽ എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിനെതിരേ പോലീസ് നീക്കമുണ്ടായെങ്കിലും കോടതിയിൽ തീർത്തും നിർവീര്യമായത് സി.പി.എമ്മിന് വൻ നാണക്കേടുണ്ടാക്കിയിരുന്നു.
‘കാഫിർ്’ സ്‌ക്രീൻ ഷോട്ടുമായി റിബേഷിന് ഒരു ബന്ധവുമില്ലെന്ന് ഡി.വൈ.എഫ്.ഐ അവകാശപ്പെട്ടിരുന്നു. റിബേഷിന്റെ ഫോൺ പരിശോധിക്കാമെന്നും തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നൽകുമെന്നും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റിബേഷിന്റെ ഫോൺ പരിശോധിച്ച് ചോദ്യം ചെയ്താൽ വളരെ എളുപ്പത്തിൽ കണ്ടെത്താവുന്ന കുറ്റകൃത്യം തെളിയിക്കാൻ പോലീസും സർക്കാറും ഉത്സാഹിക്കാത്തതിനെതിരേ യു.ഡി.എഫും രംഗത്തുവരികയുണ്ടായി. സമൂഹത്തിൽ മതപരമായ ധ്രുവീകരണവും ഛിദ്രതയുമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് പോസ്റ്റ് മെനഞ്ഞെതെന്നും സി.പി.എമ്മിന്റെ ഈ ഗുഢ തന്ത്രം പാളിപ്പോവുകയാണുണ്ടായതെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു.
സി.പി.എം സൈബർ സഖാക്കളുടെ ഗ്രൂപ്പുകളിൽനിന്ന് പുറത്തുവന്ന സ്‌ക്രീൻ ഷോട്ടിന് പിന്നിൽ റിബേഷിന്റെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റിബേഷിനെതിരെ സർവീസ് ചട്ട ലംഘനം അടക്കമുള്ളവ ചൂണ്ടിക്കാട്ടി എം.എസ്.എഫ്-യൂത്ത് ലീഗ് പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു.