ലഖ്‌നൗ: 122 പേരുടെ മരണത്തിന് ഇടയാക്കിയ യു.പിയിലെ ഹഥ്‌റാസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ദുരന്തം ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിരുവിട്ട ആൾദൈവാരാധനയും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയുമാണ് ഹഥ്‌റാസ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപോർട്ടുകൾ. ആൾദൈവം യാത്രചെയ്ത കാർ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണമായത്. സംഭവസമയം സ്ഥലത്ത് പോലീസും ആവശ്യത്തിന് ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. 80,000 പേർക്ക് മാത്രം അനുമതി വാങ്ങിയ പരിപാടിയിൽ രണ്ടരലക്ഷത്തോളം പേർ പങ്കെടുത്തതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.
അതിനിടെ, 122 പേരുടെ ജീവനെടുത്തിട്ടും സംഘാടകർക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തതെന്ന് വ്യാപക വിമർശമുണ്ട്. എഫ്.ഐ.ആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ലെന്നാണ് റിപോർട്ടുകൾ. ‘ഭോലെ ബാബ’ അഥവാ നാരായൺ സാകർ ഹരി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായിരുന്നില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പ്രതികരിച്ചു. ദുരന്തത്തിൽ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതൽ പങ്ക് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group