മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുമ്പ് ഉയർന്നുവന്നിരുന്ന ആരോപണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മാധ്യമപ്രവർത്തകൻ ശ്രീകുമാർ മനയിലിന്റെ ഫേസ്ബുക് പോസ്റ്റ്. മണൽ എടുക്കാനുള്ള പാസ് അനുവദിക്കുന്നത് സംബന്ധിച്ചും അദ്ദേഹം പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്തും ഉയർന്നു വന്ന ആരോപണങ്ങളെ കുറിച്ചായിരുന്നു ശ്രീകുമാർ മനയിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഗ്യാനേഷ് കുമാർ എറണാകുളം കളക്ടർ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ളവർക്ക് മാത്രം മണല്‍പ്പാസുകള്‍ കൊടുത്ത് വലിയ അഴിമതി നടത്തി എന്നായിരുന്നു അദ്ദേഹത്തിനെതിരായ ആദ്യ ആരോപണം. കൂടാതെ, 2006 ൽ അദ്ദേഹം പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ സംഭവിച്ച ഒരു കാരാറുകാരന്റെ ആത്മഹത്യയും അന്ന് വലിയ വിവാദമായിരുന്നു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്റെ ബില്ല് പാസാക്കാതെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കരാറുകാരൻ തന്റെ ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്. ഇത് വിവാദമായപ്പോള്‍ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഇതിനുപിന്നാലെ പിന്നീട് ഇപ്പോഴാണ് ഗ്യാനേഷ് കുമാർ വാർത്തകളിൽ ഇടം നേടുന്നത്. രാഹുൽ ഗാന്ധിയുടെ ‘വോട്ടുകവർച്ച’ ആരോപണത്തിന് മറുപടിയായി എത്തിയതിന് പിന്നാലെ ഗ്യാനേഷ് കുമാർ വീണ്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.
ശ്രീകുമാർ മനയിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ടിഎച്ച് മുസ്തഫയും ഗ്യാനേഷ് കുമാറും
2003ലെ ഒരു ദിനം. സ്ഥലം എറണാകുളം ഗസ്റ്റ്ഹൗസ്. ഇപ്പോഴത്തെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അന്ന് എറണാകുളം ജില്ലാ കളക്റ്റര്‍. മുന്‍ മന്ത്രി ടിഎച്ച് മുസ്തഫ അന്ന് കുന്നത്ത്‌നാട് എംഎല്‍എ. പ്രതിപക്ഷനേതാവ് വിഡി സതീശനും, കെ ബാബുവും അന്നും ഇന്നും യഥാക്രമം പറവൂരിന്റെയും തൃപ്പൂണിത്തുറയുടെയും എംഎല്‍എമാര്‍. പിറവം എംഎല്‍എ ടി എം ജേക്കബ് ജലസേചന മന്ത്രി
എറണാകുളം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി ഗസ്റ്റ് ഹൗസില്‍ യോഗം വിളിച്ചു. മേല്‍പ്പറഞ്ഞ എല്ലാവരും സന്നിഹിതര്‍. അതോടൊപ്പം പെരിയാറ്റിന്‍തീരത്തുള്ള പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുമുണ്ടായിരുന്നു. മന്ത്രിയും എംഎല്‍എമാരും കളക്ടറും കൂടിയിരുന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ അവിടെ പത്രക്കാരും സന്നിഹിതരായിരുന്നു. ഇന്നത്തെ പോലെ വലിയ മാധ്യമ സന്നാഹങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നില്ല. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, എസിവി മാത്രം. ആര്‍ക്കും ലൈവ് ഏര്‍പ്പാടില്ല. പിന്നെ അച്ചടി മാധ്യമങ്ങളും.
വിഷയം കുടിവെള്ളത്തില്‍ നിന്നും മണല്‍ വാരലിലേക്ക് തിരിഞ്ഞത് പെട്ടെന്നായിരുന്നു. അന്ന് മണല്‍ പാസുകള്‍ അനുവദിക്കുന്ന ജില്ലാ കളക്റ്റര്‍മ്മാരായിരുന്നു. പെരിയാറ്റിലെ മണല്‍വാരലുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ആക്ഷേപങ്ങളും അഴിമതികളും അന്ന് നിരന്തരം വാര്‍ത്തകളില്‍ നിറയുമായിരുന്നു. എംഎല്‍എമാര്‍ പറയുന്നവര്‍ക്ക് പാസ് കൊടുക്കാന്‍ കളക്റ്റര്‍ തെയ്യാറാകുന്നില്ല, കളക്റ്റര്‍ക്ക് ഇഷ്ടമുള്ള കരാറുകാര്‍ക്ക് മാത്രം പാസ് കൊടുക്കുന്നുവെന്ന് ആക്ഷേപം ടിഎച്ച് മുസ്തഫ ഉന്നയിച്ചു.
‘ എംഎല്‍എ എണ്ണെ അപമാണിക്കുന്നു, ണാന്‍ ഇവിടെ ഇറിക്കില്ല സര്‍’ ടി എം ജേക്കബിനോട് പരാതി പറഞ്ഞ് കൊണ്ട് കളക്റ്റര്‍ പോകാനായി എഴുന്നേറ്റു.
ടിഎച്ച് ചാടിയെഴുന്നേറ്റു… പിന്നീട് ഒരലര്‍ച്ചയായിരുന്നു, ‘ ഇരിക്കടാ അവിടെ…… മണല്‍ വിറ്റ് കൊള്ളനടത്തുകയാണവന്‍ … കള്ളന്‍ ….. ഇടിവെട്ടും വണ്ണം ടിഎച്ചിന്റെ ശബ്ദം മുഴങ്ങി… പഴയ ഗസ്റ്റ്ഹൗസ് മന്ദിരം പ്രകമ്പനം കൊണ്ടു. എഴുന്നേറ്റ ഗ്യാനേഷ് കുമാര്‍ അറിയാതെ ഇരുന്നുപോയി. ‘അവന്‍ ജനപ്രതിനിധികളെ അപമാനിക്കുകയാണ്. മണല്‍പ്പാസുകള്‍ കൊടുത്ത് വലിയ അഴിമതി നടത്തുകയാണ് ടി എച്ച് കത്തിക്കയറി… ഗ്യാനേഷ് കുമാറാകട്ടെ എംഎല്‍എമാര്‍ പറയുന്നവര്‍ക്കാണ് താന്‍ എഴുപത് ശതമാനം പാസുകള്‍ കൊടുത്തതെന്നും തന്നെ അപമാനിക്കാനുള്ള ശ്രമത്തിന് നിന്ന് കൊടുക്കാന്‍ പറ്റില്ലന്നും ടിഎം ജേക്കബിനോട് പറഞ്ഞുകൊണ്ടിരുന്നു. ബുദ്ധിമാനായ ടിഎം ജേക്കബ്ബാകട്ടെ രണ്ടുപേരെയും പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു. കുടിവെളള ക്ഷാമവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കാതെ പോകുന്നതില്‍ അദ്ദേഹം അകമേ സന്തോഷമുള്ളവനായി കാണപ്പെട്ടു. ടിഎച്ച് വിടാന്‍ ഭാവമില്ലായിരുന്നു. ഏത് കളക്റ്ററും എന്റെ താഴെയാണെന്നും ഞാന്‍ പറയുന്നത് കേട്ടിട്ട് താന്‍ പോയാല്‍ മതിയെന്ന നിലപാടില്‍ മുസ്തഫ ഉറച്ചു നിന്നു. അവസാനം ടിഎം ജേക്കബ് തന്നെ ഇടെപെട്ട് കളക്റ്റുടെ തടി രക്ഷപെടുത്തി.
ഇതിനിടയില്‍ മണല്‍ക്കൊള്ളയുടെ അപ്പോസ്തലന്‍മ്മാരായ ചില പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കെതിരെ കെ ബാബു തിരിഞ്ഞു. ഒരു പഞ്ചായത്ത് പ്രസിഡന്റിനെ ഷര്‍ട്ടിന് കുത്തിപ്പെടിച്ച് പൊട്ടിക്കാന്‍ ബാബു ചേട്ടന്‍ കൈ ഉയര്‍ത്തിയതാണ്. വിഡി സതീശന്‍ ഇടക്ക് കയറി അത് തടഞ്ഞത് കൊണ്ട് കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല.
അതിന് ശേഷം ഈ ഗ്യാനേഷ് കുമാറിനെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത് 2006 കാലത്ത് അദ്ദേഹം പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോഴാണ്. കേരളത്തിലെ നാഷണല്‍ ഹൈവെയുടെ പണി നടത്തിക്കൊണ്ടിരുന്ന മലേഷ്യന്‍ കമ്പനിയായ പതിബെല്ലിലെ കരാറുകാരന്‍ ലീ മലേഷ്യയില്‍ ആത്മഹത്യ ചെയ്തു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്റെ ബില്ല് പാസാക്കാതെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പിലെഴുതിയിരുന്നു. അത് വിവാദമായപ്പോള്‍ ഗ്യാനേഷ് കുമാറിനെ അന്നത്തെ ഇടതുസര്‍ക്കാര്‍ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെന്ന് തോന്നുന്നു. ഏതായാലും പിന്നെ അദ്ദേഹം പൊങ്ങിയത് ഡല്‍ഹിയിലാണ്.
രാഹുല്‍ ഗാന്ധി ടിഎച്ച് മുസ്തഫയെപ്പോലെ പെരുമാറണം എന്ന് പറഞ്ഞാല്‍ അത് അസംബന്ധമാകും. എന്നാല്‍ അദ്ദേഹത്തെപ്പോലെ ഒരു നാല് നേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഗ്യാനേഷ് കുമാര്‍ എയറില്‍ നിന്നും ഇറങ്ങില്ലായിരുന്നു. പണ്ട് ഡല്‍ഹിയില്‍ ഒരു ടിഎച്ച് മുസ്തഫയുണ്ടായിരുന്നു. എച്ച് കെഎല്‍ ഭഗത്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
https://www.facebook.com/share/1BFpLVUHGP/