കോട്ടയം: രാജ്യസഭാ സീറ്റ് വിഷയത്തിൽ എൽ.ഡി.എഫും സി.പി.എമ്മും ഉചിത തീരുമാനം എടുക്കുമെന്ന ആത്മവിശ്വാസത്തോടെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദം വരികൾക്കിടയിലൂടെ മറച്ചുവെക്കാതെയാണ് ജോസ് കെ മാണി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം വാർത്താ ലേഖകരെ കണ്ടത്.
എൽഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇക്കാര്യം ഇടതുമുന്നണിയിൽ മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റുകളിൽ സി.പി.എം സി.പി.ഐ കക്ഷികൾ പിടിമുറുക്കിയതോടെയാണ് ഇക്കാര്യം ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് എം
സ്റ്റിയറിങ് കമ്മിറ്റി യോഗം തിങ്കളാഴ്ച കോട്ടയത്ത് ചേർന്നത്.
സീറ്റിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് കമ്മിറ്റി യോഗത്തിലെ ധാരണ.എന്നാൽ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ലെന്നാണ് ജോസ് കെ മാണി പറഞ്ഞത്