ദോഹ- ഇസ്രായിലിന്റെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യക്ക് ഖത്തറിൽ അന്ത്യവിശ്രമം. ഖത്തറിലെ ഗ്രാന്റ് മോസ്കായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ദോഹയിലെ ലൂസൈൻ റോയൽ ശ്മശാനത്തിലാണ് ഇസ്മായിൽ ഹനിയക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇന്ന് ജുമുഅ നമസ്കാരത്തിന് ശേഷമാണ് മയ്യിത്ത് നമസ്കാരം നടന്നത്.
ഗ്രാന്റ് മോസ്കിലും പരിസരത്തും വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മൊബൈൽ ഫോൺ കൈവശം വെച്ചവരെ പള്ളിയിലേക്ക് കടത്തിവിട്ടിരുന്നില്ല. നഗരത്തിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. ഗ്രാന്റ് മോസ്കിലെ പ്രാർത്ഥനക്ക് ശേഷം മൃതദേഹം ദോഹയുടെ വടക്ക് ലുസൈലിലെ റോയൽ ശ്മശാനത്തിലാണ് മറവു ചെയ്യുന്നത്.
നമസ്‌കാരത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നൂറുകണക്കിന് ആളുകൾ ദോഹയിലെ പള്ളിയിൽ എത്തിയിരുന്നു.
കനത്ത സുരക്ഷയിൽ നടന്ന ചടങ്ങിൽ മിക്കവരും ഫലസ്തീനിയൻ പതാകയോ പരമ്പരാഗത സ്കാർഫുകളുമാണ് ധരിച്ചിരുന്നത്. ദോഹ ട്രാഫിക് പോലീസും ഖത്തറിൻ്റെ ആഭ്യന്തര സുരക്ഷാ സേനയും കർശനമായ സുരക്ഷയാണ് നഗരത്തിലുടനീളം ഏർപ്പെടുത്തിയിരുന്നത്. മൊബൈൽ ഫോണിന് പള്ളിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. മൊബൈലുമായി വരുന്നവരെ സുരക്ഷാസൈന്യം അകത്തേക്ക് കയറ്റിവിട്ടില്ല.
ലോക നേതാക്കളടക്കം നിരവധി പേർ മയ്യിത്ത് നമസ്കാരത്തിലും തുടർന്നുള്ള കർമ്മങ്ങളിലും പങ്കെടുത്തു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഇറാനിലെ താമസ സ്ഥലത്താണ് ഇസ്മായിൽ ഹനിയ ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഹമാസ് തലവനായ ഇസ്മായിൽ ഹനിയ, ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിൽ ഏകദേശം 10 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഹമാസിന്റെ മറ്റു നേതാക്കൾക്കൊപ്പം വർഷങ്ങളായി ഖത്തറിലാണ് ഇസ്മായിൽ ഹനിയ താമസിക്കുന്നത്. ഹനിയയോടുള്ള ആദരസൂചകമായി തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റായി മസൂദ് പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മായിൽ ഹനിയ. ചടങ്ങിന് ശേഷം താമസസ്ഥലത്താണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുറിയിൽ രണ്ടു മാസം മുമ്പ് സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മരണം.
ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയുടെ സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ബെയ്റൂട്ടിൽ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇസ്മായിൽ ഹനിയയുടെ കൊലപാതകം.
ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന നേതാവായിരുന്നു ഇസ്മായില്‍ ഹനിയ്യ. ഇസ്രായില്‍ ആക്രമണങ്ങളില്‍ മക്കളും പേരമക്കളും കൊല്ലപ്പെട്ടിട്ടും നിലപാടുകളില്‍ വിട്ടുവീഴ്ചകളില്ലാതെ അചഞ്ചലനായി ഹമാസ് നേതൃത്വത്തില്‍ തുടര്‍ന്ന ഹനിയ്യ മാന്യമായും അന്തസ്സോടെയും ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തിനു വേണ്ടിയുള്ള നയതന്ത്ര പോരാട്ടം തുടര്‍ന്നു. ഫലസ്തീന്‍ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ കടുത്ത മുഖമായിരുന്നു ഇസ്മായില്‍ ഹനിയ്യ.
2006 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ പ്രധാനമന്ത്രിയായി ഇസ്മായില്‍ ഹനിയ്യ മാറി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇസ്മായില്‍ ഹനിയ്യയെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രധാനമന്ത്രി പദവിയില്‍ നിന്ന് പുറത്താക്കി. 2006 ജനുവരിയില്‍ നടന്ന ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഹനിയ്യ നേതൃത്വം നല്‍കിയ, മാറ്റത്തിന്റെയും പരിഷ്‌കരണത്തിന്റെയും സ്ഥാനാര്‍ഥി പട്ടിക ഭൂരിപക്ഷം നേടുകയും 2006 ഫെബ്രുവരിയില്‍ ഹമാസ് രൂപീകരിച്ച ഫലസ്തീന്‍ മന്ത്രിസഭയില്‍ പ്രധാനമന്ത്രിയാവുകയുമായിരുന്നു. 2017 മെയ് മാസത്തിലാണ് ഹമാസ് പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയായി ഹനിയ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലും ഗാസയിലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരേസയമം നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഹമാസ് ശൂറാ കൗണ്‍സില്‍ 2017 മെയ് ആറിന് ഹനിയ്യയെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയായി തെരഞ്ഞെടുത്തത്. ഹനിയ്യ അടക്കം ഏതാനും ഹമാസ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള ദിവസങ്ങളില്‍ റഫ ക്രോസിംഗ് അടച്ചതിനാല്‍ യാത്ര സാധ്യമായില്ല.
ഗാസയില്‍ മാസങ്ങളായി നിലനിന്ന അരക്ഷിതാവസ്ഥക്ക് അന്ത്യമുണ്ടാക്കി ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഗാസയില്‍ സുരക്ഷാ വകുപ്പ് കേന്ദ്രങ്ങള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് 2007 ജൂണ്‍ 14 ന് ഫലസ്തീന്‍ പ്രസിഡന്റ് ഹനിയ്യയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കി. ഈ തീരുമാനം ഹനിയ്യ നിരാകരിക്കുകയും ഗാസ ആസ്ഥാനമായി പിരിച്ചുവിടപ്പെട്ട സര്‍ക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ഗവണ്‍മെന്റില്‍ പ്രധാനമന്ത്രി പദത്തില്‍ തുടരുകയും ചെയ്തു. ഫലസ്തീന്‍ അതോറിറ്റിയുമായി ദേശീയ അനുരഞ്ജന വാതില്‍ തുറക്കാന്‍ ഹനിയ്യക്ക് താല്‍പര്യമുണ്ടായിരുന്നു. സമഗ്രമായ അനുരഞ്ജനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പിരിച്ചുവിടപ്പെട്ട ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി പദം ഉപേക്ഷിക്കാനുള്ള സന്നദ്ധതയും ഹനിയ്യ പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി 2014 ജൂണ്‍ രണ്ടിന് അക്കാദമിക വിദഗ്ധന്‍ റാമി അല്‍ഹംദല്ലയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു.
ഇസ്മായിൽ ഹനിയ്യയെ പറ്റി ദ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഗാസയിലെ അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ 1962 ജനുവരി 23 ന് ആണ് ഇസ്മായില്‍ ഹനിയ്യയുടെ ജനനം. അധിനിവിഷ്ട അസ്ഖലാന്‍ നഗരത്തിനു സമീപത്തെ അല്‍ജൗറ ഗ്രാമത്തില്‍ നിന്നാണ് ഇസ്മായില്‍ ഹനിയ്യയുടെ കുടുംബം അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെത്തിയത്. യു.എന്‍ റിലീഫ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അല്‍അസ്ഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സെക്കണ്ടറി പൂര്‍ത്തിയാക്കി. 1987 ല്‍ ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അറബിക് ലിറ്ററേച്ചറില്‍ ഇവിടെ നിന്ന് ബിരുദം നേടി.
സര്‍വകലാശാലാ പഠന കാലത്ത് സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരനായിരുന്നു. കൂടാതെ സ്റ്റുഡന്റ്‌സ് യൂനിയന്‍ കൗണ്‍സിലില്‍ സജീവ അംഗമായും ഹനിയ്യ ഉയര്‍ന്നു. ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഏതാനും തസ്തികകളില്‍ സേവനമനുഷ്ഠിച്ച ഹനിയ്യ 1992 ല്‍ യൂനിവേഴ്‌സിറ്റി ഡീന്‍ ആയി മാറി. ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീനെ ഇസ്രായില്‍ വിട്ടയച്ചതിനെ തുടര്‍ന്ന് 1997 ല്‍ അദ്ദേഹത്തിന്റെ ഓഫീസ് മേധാവിയായും ഹനിയ്യ പ്രവര്‍ത്തിച്ചു. ശൈഖ് അഹ്മദ് യാസീനെ 2004 ല്‍ ഇസ്രായില്‍ വധിക്കുകയായിരുന്നു.
ഫലസ്തീന്‍ ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടതോടെ 1987 ല്‍ ഹനിയ്യയെ ആദ്യമായി ഇസ്രായില്‍ അറസ്റ്റ് ചെയ്തു. 18 ദിവസം അന്ന് ജയിലില്‍ കഴിഞ്ഞു. 1988 ല്‍ രണ്ടാമതും ഇസ്രായില്‍ അറസ്റ്റ് ചെയ്തു. ഇത്തവണ ആറു മാസം ജയിലില്‍ കഴിയേണ്ടിവന്നു. ഹമാസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന ആരോപണം ഉന്നയിച്ച് 1989 ല്‍ മൂന്നാമതും ഹനിയ്യയെ ഇസ്രായില്‍ അറസ്റ്റ് ചെയ്തു. മൂന്നു വര്‍ഷം തുറുങ്കലിലടച്ച ഹനിയ്യയെ പിന്നീട് ദക്ഷിണ ലെബനോനിലെ മറജ് അല്‍സുഹൂര്‍ പ്രദേശത്തേക്ക് ഇസ്രായില്‍ നാടുകടത്തി. ഒരു വർഷം വിപ്രവാസത്തില്‍ കഴിഞ്ഞ ഹനിയ്യ ഓസ്‌ലോ കരാര്‍ ഒപ്പുവെച്ചതോടെ ഗാസയിലേക്കു തന്നെ മടങ്ങുകയും ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ബ്ലോക്ക് തലവനായി മാറുകയും ചെയ്തു.
2003 സെപ്റ്റംബറിലുണ്ടായ വധശ്രമത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു. ശൈഖ് അഹ്മദ് യാസീന്‍ അടക്കമുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഹനിയ്യയെ 2006 ഒക്‌ടോബര്‍ 14 ന് ഗാസയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായില്‍ തടഞ്ഞു. ഹമാസ്, ഫതഹ് ഗ്രൂപ്പുകള്‍ തമ്മിലെ സായുധ സംഘട്ടനത്തിനിടെ 2006 ഒക്‌ടോബര്‍ 20 ഹനിയ്യ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പുണ്ടായി. ഗാസയില്‍ ഹനിയ്യയുടെ വീട് ലക്ഷ്യമിട്ട് പലതവണ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ഹനിയ്യയെ വധിക്കുകയായിരുന്നു ഇസ്രായില്‍ ലക്ഷ്യം.
2018 ജനുവരി 31 ന് ഹനിയ്യയെ അമേരിക്കന്‍ വിദേശ മന്ത്രാലയം ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം കാരണം അമേരിക്കയും ഫലസ്തീനികളും തമ്മിലുള്ള ബന്ധം വഷളായ കാലത്താണ് ഹനിയ്യയെ അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഹനിയ്യയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ പരിഹാസ്യമെന്ന് ഹമാസ് വിശേഷിപ്പിച്ചു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാണ്ടര്‍ മുഹമ്മദ് അല്‍ദീഫ് തൂഫാന്‍ അല്‍അഖ്‌സ ഓപ്പറേഷന്‍ പ്രഖ്യാപിക്കുകയും ഇസ്രായിലിനു നേരെ കര, വ്യോമ, സമുദ്ര ആക്രമണം നടത്തുകയും ചെയ്തു. ഗാസക്കു സമീപമുള്ള ജൂതകുടിയേറ്റ കോളനികളില്‍ ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറി. ഇതിനു തിരിച്ചടിയെന്നോണം ഗാസക്കു സമീപമുള്ള കുടിയേറ്റ കോളനികള്‍ ഒഴിപ്പിച്ച ഇസ്രായില്‍ ഗാസക്കു നേരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഹമാസ് നേതാക്കളുടെ വീടുകള്‍ ലക്ഷ്യമിട്ടും ഗാസയിലെ വിവിധ കേന്ദ്രങ്ങള്‍ക്കു നേരെയും ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി.
അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്ന സ്‌കൂളിലുള്ള സമയം നോക്കി ഹനിയ്യയുടെ പേരമകളെ ലക്ഷ്യമിട്ട് 2023 നവംബര്‍ 10 ന് ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. പത്തു ദിവസത്തിനു ശേഷം ഹനിയ്യയുടെ മൂത്ത പേരമകനെ വീടിനു നേരെ വ്യോമാക്രമണം നടത്തി ഇസ്രായില്‍ കൊലപ്പെടുത്തി. ഹമാസ് അംഗങ്ങളുമായി ആശയവിനിമയം നടത്തി എന്ന ആരോപണം ഉന്നയിച്ച് ഹനിയ്യയുടെ സഹോദരിമാരില്‍ ഒരാളെ ബീര്‍ അല്‍സബ്അ് നഗരത്തിനു സമീപം വെച്ച് 2024 ഏപ്രില്‍ ഒന്നിന് ഇസ്രായില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് ഹനിയ്യയുടെ മൂന്നു മക്കളെയും ഇവരുടെ അഞ്ചു മക്കളെയും ഇസ്രായില്‍ കൊലപ്പെടുത്തി. ഈദുല്‍ഫിത്ര്‍ ദിവസം ഇവര്‍ സഞ്ചരിച്ച കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തുകയായിരുന്നു. ഇസ്രായിലിന്റെ ഗാസ യുദ്ധത്തില്‍ ഇതുവരെ 39,000 ലറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.