തെഹ്റാന് – ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന് പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കിയതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാലില്‍ ഫീസ് പിരിക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങളും സംവിധാനങ്ങളും, കടലിടുക്കില്‍ ഇറാന്റെ പരമാധികാരം നടപ്പിലാക്കല്‍, കടലിടുക്കിന്റെ മറുവശത്ത് ഒമാനുമായുള്ള സഹകരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി പാര്‍ലമെന്റ് സുരക്ഷാ കമ്മിറ്റി അംഗം വെളിപ്പെടുത്തിയതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍, ഇസ്രായില്‍ കപ്പലുകള്‍ കടന്നുപോകുന്നത് തടയുക, ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ ഹുര്‍മുസിലൂടെ സഞ്ചരിക്കുന്നത് നിരോധിക്കുക എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ലോകത്തിലെ എണ്ണ ഉല്പാദനത്തിന്റെ അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്ന പ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്കിന്റെ സ്തംഭനാവസ്ഥ ഇന്ധന വില കുത്തനെ വര്‍ധിക്കാനും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും കാരണമായി. ഇറാന് ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വേഗത്തിലുള്ള ഫലം നല്കുന്നില്ലെങ്കിലും തന്ത്രപ്രധാനമായ ഇറാന് ദ്വീപായ ഖാര്‍ഗ് ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഭീഷണി മുഴക്കി. ഇറാനിലെ നമ്മുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ഒരു പുതിയ, കൂടുതല്‍ യുക്തിസഹമായ ഭരണകൂടവുമായി ഗൗരവമേറിയ ചര്‍ച്ചകള്‍ നടത്തുകയാണ്. വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ ഏതെങ്കിലും കാരണത്താല്‍ വേഗത്തില്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ – അതിന് സാധ്യതയുണ്ട് – ഹുര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍, അവരുടെ എല്ലാ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ഒരുപക്ഷേ അവരുടെ എല്ലാ സമുദ്രജലശുദ്ധീകരണ പ്ലാന്റുകളും സ്ഫോടനത്തിലൂടെ തകര്‍ത്ത് ഇല്ലാതാക്കും – തന്റെ സോഷ്യല്‍ നെറ്റ്വര്ക്കായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.



