തിരുവനന്തപുരം: നടിയ്ക്കു നേരെയുണ്ടായ ബലാത്സംഗ കേസിൽ നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് തടയിട്ട് സർക്കാർ. എറണാകുളം സെഷൻസ് കോടതി നടന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നിർണായക നീക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവെയാണ് അഭ്യന്തര വകുപ്പിന്റെ ഇടപെടൽ.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നൽകിയ കത്ത് അപ്പീലിന് സാധ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ മടക്കുമെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും, തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും, കോടതിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ കേരളം വിട്ടുപോകരുതെന്നുമുള്ള ഉപാധികളോടെയാണ് ലൈംഗികാതിക്രമത്തിൽ കുറ്റാരോപിതരായ മുകേഷിനും ഇടവേള ബാബുവിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
മുകേഷിന്റെ ജാമ്യത്തിനെതിരേയുള്ള അപ്പീലിനെതിരേ സർക്കാർ നിലപാട് സ്വീകരിച്ചാൽ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യത്തിലും ഇതേ സാഹചര്യം തുടരാനാണ് സാധ്യത. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുറന്നുകാട്ടുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ വനിതാ ജഡ്ജി ഉൾപ്പെടെ രണ്ടംഗ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്നതാണ് ബെഞ്ച്. ബെഞ്ചിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.