റിയാദ്- ഇംപാഖ് ഇംപാക്ട് മെയ്‌കേര്‍സ് ഫോറം റിയാദിലെ മയാദീന്‍ ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന ഗ്ലോബല്‍ ഇന്‍ഫ്ളുവൻസേഴ്സ് സമ്മേളനത്തിന് ഇന്ന് റിയാദിൽ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1500 ലധികം പ്രമുഖര്‍ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. മീഡിയ മന്ത്രി സല്‍മാന്‍ ബിന്‍ യുസുഫ് അല്‍ദോസരി ഉദ്ഘാടനം ചെയ്തു.
നൂറിലധികം സൗദി കലാകാരന്മാരും 10 ലോകോത്തര കലാകാരന്മാരും അണിനിരന്ന ദ ബട്ടര്‍ഫ്‌ളൈ ഇഫക്ട് എന്ന നാടകാവതരണത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ചലിക്കുന്ന കണ്ണാടികളും ഡൈനാമിക് ലൈറ്റിംഗും ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകളെ ആശ്രയിച്ച് നടത്തിയ നാടക പ്രദര്‍ശനം അനുകൂല പ്രതികൂല സ്വാധീനത്തിന്റെ പ്രതീകാത്മകതയെ പ്രതിഫലിപ്പിക്കുന്നതായി. ശ്രേഷ്ഠ മൂല്യങ്ങളുടെ പ്രതീകാത്മക പ്രകടനത്തിലും സമൂഹത്തെ മികച്ച രീതിയില്‍ മാറ്റാനുള്ള ശേഷിയിലും കലാകാരന്മാര്‍ പ്രത്യാശയുടെ പുഷ്പങ്ങള്‍ വിരിയിച്ചു.
ഇന്‍ഫ്ളുവൻസർമാരുടെ ഇത്ര വിപുലമായ സമ്മേളനം ഇതാദ്യമായാണ് ലോകത്ത് സംഘടിപ്പിക്കുന്നത്. ആരാണ് ഇൻഫ്ളുവൻസർമാർ, അവരുടെ ലക്ഷ്യമെന്ത്, അതിന്റെ സാമൂഹിക സന്ദേശം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നുവരുന്നു. ഇന്ന് വൈകുന്നേരം സമാപിക്കും.