അസര്‍ബൈജാനില്‍ ടൂര്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവ
റിയാദ്- അസര്‍ബൈജാനില്‍ ടൂര്‍ പോയി മടങ്ങിവരുന്നതിനിടെ പാസ്‌പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് രണ്ടുദിവസം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരന് സാമൂഹിക പ്രവര്‍ത്തകന്‍ തുണയായി. കഴിഞ്ഞാഴ്ച റിയാദില്‍ നിന്ന് അസര്‍ബൈജാനിലേക്ക് ടൂര്‍ പോയി മടങ്ങുന്നതിനിടെ പാസ്‌പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് ജോണ്‍പൂര്‍ സ്വദേശി ഫഹീം അഖ്തര്‍ അന്‍സാരിക്കാണ് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് തുണയായത്.
റിയാദില്‍ ബിസിനസുകാരനായ ഫഹീം അഖ്തര്‍ ഒരു ഗ്രൂപ്പിലാണ് അസര്‍ബൈജാനിലേക്ക് പോയത്. ടൂര്‍ കഴിഞ്ഞ് തലസ്ഥാനമായ ബകു വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് തിരിച്ചു. നല്ല തണുപ്പായതിനാല്‍ ജാക്കറ്റ് ധരിച്ചിരുന്നു. ഈ ജാക്കറ്റിലാണ് പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. ബകുവില്‍ എമിഗ്രേഷന്‍ കഴിഞ്ഞ് വിമാനത്തില്‍ കയറിയപ്പോള്‍ പാസ്‌പോര്‍ട്ട് ജാക്കറ്റിലുണ്ടായിരുന്നു. എന്നാല്‍ റിയാദ് വിമാനത്താവളത്തിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് കാണാനായില്ല. ഇതേ തുടര്‍ന്ന് പുറത്തിറങ്ങാനായില്ല.
ഒരു ദിവസത്തിന് ശേഷം റിയാദ് എയര്‍പോര്‍ട്ട് മാനേജര്‍ ശിഹാബ് കൊട്ടുകാടിനെ വിളിച്ച് പാസ്‌പോര്‍ട്ടില്ലാത്ത ഫഹീം അഖ്തറിനെ കുറിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെത്തി ശിഹാബ് കൊട്ടുകാട് ഫഹീമിനെ കണ്ടു. ഭാര്യയും കുട്ടികളും റിയാദിലുണ്ട്. അവരെയും വിമാനത്താവളത്തിലേക്ക് കൊണ്ടുപോയിരുന്നു. ഒരു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് എത്തിച്ചില്ലെങ്കില്‍ അസര്‍ബൈജാനിലേക്ക് തിരിച്ചയക്കുമെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ശിഹാബിനെ അറിയിച്ചു. ഉടന്‍ തന്നെ ശിഹാബ് ഇന്ത്യന്‍ എംബസിയിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു. എംബസി ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്തു. ശേഷം എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ വിഭാഗം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു. വൈകാതെ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിച്ചു. യാത്രയ്ക്കിടയില്‍ പാസ്‌പോര്‍ട്ടുകള്‍ ഭദ്രമായി സൂക്ഷിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് ശിഹാബ് കൊട്ടുകാട് ഓര്‍മിപ്പിച്ചു. വിഷയത്തില്‍ ആരും ഇടപെട്ടിരുന്നില്ലെങ്കില്‍ ഇദ്ദേഹത്തെ അസര്‍ബൈജാനിലേക്ക് തിരിച്ചയക്കുമായിരുന്നു. ഇന്ത്യന്‍ എംബസിയിലെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരായ നായിക്, അര്‍ജുന്‍ സിംഗ്, ഷഫീഖ് എന്നിവരാണ് പെട്ടെന്ന് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വഴിയൊരുക്കിയത്.