ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം മറ്റൊരു ഇന്ത്യക്കാരന് കൂടി സൗദി പൗരത്വം. മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നീ മൂന്നു സൗദി സര്‍വകാലാശാലകളില്‍ നിന്ന് ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയ ഇന്ത്യന്‍ പ്രൊഫസര്‍ മുഹമ്മദ് ബിന്‍ ഇസ്ഹാഖ് ബിന്‍ മുഹമ്മദ് ആലുഇബ്രാഹിമിനാണ് പുതുതായി സൗദി പൗരത്വം ലഭിച്ചത്. ഹദീസ് പഠന മേഖലയില്‍ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം ഇരുപതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇദ്ദേഹത്തിന്റെ 20 ലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പ്രവാചക ഹദീസുമായി ബന്ധപ്പെട്ടവയാണ്. ഹദീസ് പഠന മേഖലയിലെ മുന്‍നിര കൃതികളും പ്രബന്ധങ്ങളുമാണിവ.
പ്രശസ്ത മതപണ്ഡിതനായ മാഹിര്‍ അബ്ദുറഹീം ഖോജക്കും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. റിയാദ് ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രൊഫസറും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കോംപൗണ്ട് ജുമാമസ്ജിദ് ഇമാമും ഖതീബുമായ ശൈഖ് മാഹിര്‍ ഖോജക്ക് ഇസ്‌ലാമിക വിശ്വാസത്തിലും സമകാലിക കര്‍മാശാസ്ത്രങ്ങളിലും മികച്ച ഗ്രേഡോടെയും ഒന്നാം ക്ലാസോടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
നേരത്തെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് സംരംഭകത്വ പ്രൊജക്ട് മാനേജ്‌മെന്റില്‍ എം.ബി.എ നേടിയ ഫറാസ് ഖാലിദിന് പൗരത്വം അനുവദിച്ചിരുന്നു. ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റല്‍ വിപണികളിലും ഒന്നായ നൂന്‍ കമ്പനി സി.ഇ.ഒ ആണ് ഫറാസ് ഖാലിദ്.
അവയവങ്ങളുടെ പ്രവര്‍ത്തന ശാസ്ത്രത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത സുഡാനി ഡോക്ടര്‍ ആമിര്‍ മജ്ദൂബ്, മൂലകോശ, ജീന്‍ തെറാപ്പി മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്ത പാക് വംശജനായ അമേരിക്കന്‍ പ്രൊഫസര്‍ ഖവാജ ഹുസൈന്‍ ഹൈദര്‍ എന്നിവര്‍ക്കും സൗദി പൗരത്വം അനുവദിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് പത്തും സിങ്കപ്പൂരില്‍ നിന്ന് രണ്ടും സൗദിയില്‍ നിന്നും രണ്ടും അടക്കം 14 ഗവേഷണ പദ്ധതികള്‍ക്ക് ഖവാജ ഹുസൈന്‍ ഹൈദറിന് ധനസഹായം ലഭിച്ചിട്ടുണ്ട്.
സൗദിയില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ ഡോക്ടര്‍ മുഹമ്മദ് തഖിയുദ്ദീന്‍ നബ്ഹാനും സൗദി പൗരത്വം ലഭിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയില്‍ ഇദ്ദേഹം സ്‌പെഷ്യലൈസേഷന്‍ നേടിയിട്ടുണ്ട്. സൗദി പൗരത്വം ലഭിച്ച അക്കാദമിക് വിദഗ്ധരില്‍ കനേഡിയന്‍ വംശജന്‍ അംദ് അബ്ദുറഹ്മാനും ഉള്‍പ്പെടുന്നു. ഇദ്ദേഹം ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഒട്ടാവ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. സൗദിയില്‍ സൈബര്‍ സുരക്ഷയിലും ഫോറന്‍സിക് കംപ്യൂട്ടിംഗിലും ബിരുദം നേടാനുള്ള ആദ്യത്തെ അംഗീകൃത പഠന പ്രോഗ്രാം വികസിപ്പിക്കാന്‍ അംദ് അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി. കൂടാതെ സൗദിയില്‍ നൂതന സാങ്കേതവിദ്യാ മേഖലയില്‍ അഞ്ച് സ്റ്റാര്‍ട്ട്-അപ്പ് കമ്പനികള്‍ സ്ഥാപിക്കാനും സംഭാവന നല്‍കി.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലും ആപ്ലിക്കേഷനുകളിലും പുനരുപയോഗ ഊര്‍ജ ആപ്ലിക്കേഷനുകളിലും സൗരോര്‍ജ മേഖലയിലും ശാസ്ത്രജ്ഞനായ ജോര്‍ദാന്‍ വംശജന്‍ നിദാല്‍ ഹില്‍മി അബൂഹംദ, എനര്‍ജി എന്‍ജിനീയറിംഗ് മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്ത തുനീഷ്യന്‍ പ്രൊഫസര്‍ ലിവാഉല്‍ഹാദി അല്‍ശാദുലി അല്‍ഖല്‍സി, ഇന്റര്‍നെറ്റ്, ടെക്‌നോളജി കമ്പനികളെ ഇന്‍കുബേറ്റ് ചെയ്യുന്ന നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇന്റര്‍നെറ്റ് എസ്.ഇയുടെ മാനേജിംഗ് ഡയറക്ടറായ സംരംഭകന്‍ ഹിശാം സര്‍ഖാ, 30 വയസ് പിന്നിടുന്നതിനു മുമ്പായി പത്തിലേറെ കമ്പനികള്‍ സ്ഥാപിച്ച, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലാ അഭിനിവേശത്തിന് പ്രശസ്തനായ, മൗദൂഅ് ഡോട്ട്‌കോം വെബ്‌സൈറ്റ് സി.ഇ.ഒ റാമി അല്‍ഖാസ്മി, ഇംഗ്ലീഷ് നിയമത്തെ കുറിച്ച വിശാലമായ അറിവിന്റെ പിന്തുണയോടെ സൗദിയിലെ വാണിജ്യ വ്യവസ്ഥയെയും വിപണി സമ്പ്രദായത്തെയും കുറിച്ച് ആഴത്തില്‍ അറിവുള്ള, തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്വദേശികളിലേക്ക് വൈജ്ഞാനിക കൈമാറ്റത്തിന് താല്‍പര്യം കാണിക്കുന്ന ബ്രിട്ടീഷുകാരന്‍ ജോനാഥന്‍ ഇബ്രാഹിം മാര്‍ഷല്‍, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പില്‍ നിന്ന് എം.ബി.എ നേടിയ സുഡാനി സംരംഭകന്‍ അഹ് മദ് മിര്‍ഗനി എന്നിവരും സൗദി പൗരത്വം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.
ലോക പ്രശസ്തരായ പ്രതിഭകള്‍ക്കും ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മറ്റും പൗരത്വം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായി 2021 നവംബറില്‍ പ്രതിഭകളുടെ ആദ്യ ബാച്ചിന് സൗദി അറേബ്യ പൗരത്വം നല്‍കി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടാമത്തെ ബാച്ചിന് സൗദി പൗരത്വം അനുവദിച്ചത്. വാര്‍ധക്യവുമായി ബന്ധപ്പെട്ട ചികിത്സാ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന ഹെവല്യൂഷന്‍ ഫൗണ്ടേഷന്‍ സി.ഇ.ഒയും അമേരിക്കന്‍ പൗരനുമായ മഹ്മൂദ് ഖാന്‍, ബയോഎന്‍ജിനീയറിംഗ് ആന്റ് നാനോ ടെക്‌നോളജി സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായി 2003 മുതല്‍ 2018 വരെ സേവനമനുഷ്ഠിച്ച സിങ്കപ്പൂര്‍-അമേരിക്കന്‍ ശാസ്ത്രജ്ഞ ജാക്കി യി റു യിംഗ്, ബയോഎന്‍ജിനീയറിംഗ്, നാനോകോംപോസിറ്റുകള്‍ എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ലെബനീസ് ശാസ്ത്രജ്ഞ നെവിന്‍ ഖശാബ്, മെംബ്രണ്‍ വേര്‍തിരിക്കല്‍ സാങ്കേതികവിദ്യകളില്‍ ഡോക്ടറേറ്റ് നേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായ നൂറുദ്ദീന്‍ ഗഫൂര്‍, എം.ബി.സി ഈജിപ്ത് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍മുഅ്താല്‍ എന്നിവര്‍ക്കും പുതുതായി സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. സൗദിയില്‍ സാമ്പത്തിക, ആരോഗ്യ, സാംസ്‌കാരിക, കായിക, ഇന്നൊവേഷന്‍ മേഖലകളില്‍ ഗുണകരമാകുന്ന നിലക്ക് പ്രതിഭകളെയും അത്യപൂര്‍വ സ്‌പെഷ്യലൈസേഷനുകളില്‍ പെട്ടവരെയും ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയായാണ് ഏതാനും പേര്‍ക്ക് പുതുതായി പൗരത്വം അനുവദിക്കാനുള്ള തീരുമാനം.